ബാര്‍കോഴ വിവാദം; വി.എസിനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്

single-img
6 November 2014

IN03_ACHUTHANANDAN_21248fതിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തിലും ഇടതുമുന്നണി വിട്ട സോഷ്യലിസ്റ്റ് ജനതയേയും ആര്‍.എസ്.പിയേയും തിരിച്ചുകൊണ്ടുവരണമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി.

ബാര്‍കോഴ സംബന്ധിച്ച് വിജിലന്‍സ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം അപഹാസ്യമാണെന്നും. ജുഡീഷ്യല്‍ അന്വേഷണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമാകില്ലെന്നും. കൂട്ടിലടച്ച തത്തയെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ച സി.ബി.ഐ.യുടെ അന്വേഷണത്തോടും യോജിപ്പില്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സത്യസന്ധരും കഴിവുറ്റവരുമായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. ഈ തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണി ഒരുകോടി രൂപ കോഴവാങ്ങിയെന്ന ആരോപണം സി.ബി.ഐ. തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.  സി.ബി.ഐ. അന്വേഷണത്തോടുള്ള വിയോജിപ്പ് പിണറായി വിജയന്‍ വ്യക്തമാക്കിയശേഷവും തന്റെ നിലപാട് മാറ്റാന്‍ വി.എസ്. തയ്യാറായിരുന്നില്ല.

അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ്. മുന്നണിയില്‍ നിന്നും പുറത്തുവരാന്‍ സോഷ്യലിസ്റ്റ് ജനതയും ആര്‍.എസ്.പിയും തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം വി.എസ്. ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് നിര്‍ദേശങ്ങളും പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തള്ളി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിലും തന്റെ മുന്‍നിലപാടുകളില്‍ വി.എസ്. ഉറച്ചുനിന്നു. സി.ബി.ഐ. അന്വേഷണമെന്ന വി.എസ്സിന്റെ ആവശ്യത്തെ സെക്രട്ടേറിയറ്റില്‍ ആരും പിന്തുണച്ചില്ലെന്ന് പറയപ്പെടുന്നു.

കേന്ദ്രം ബി.ജെ.പി. ഭരിക്കുമ്പോള്‍ നടക്കുന്ന സി.ബി.ഐ. അന്വേഷണത്തില്‍ ഇടപെടലുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ്സിനെ ബി.ജെ.പി. നിയന്ത്രിക്കുന്ന സ്ഥിതി വരുന്നത് ദോഷകരമാകുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം, തീരുമാനത്തിനെതിരെ വി.എസ്. സി.പി.എം. കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന. സി.പി.എം. കേന്ദ്രനേതൃത്വമാണ് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.