ചുംബനങ്ങൾ സമരം ചെയ്യുമ്പോൾ

single-img
5 November 2014

Prem Kumar copy
kiss-of-love-1മനസ്സുകളുടെ അകലമില്ലായ്മയുടെ ശരീരഭാഷയാണ് ചുംബനമെന്ന് മന:ശാസ്ത്രം.

ഉള്ളിലുയിരിട്ട് ഉണർന്നുയരുന്ന വികാരങ്ങളുടെ ആദ്യപടിയാണ് ചുംബനമെന്ന് കാമശാസ്ത്രം.
ചുംബനത്തിലൂടെ എയിഡ്സ് പകരില്ലെന്ന് വൈദ്യശാസ്ത്രം
ചുംബനം കൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് ഭൗമശാസ്ത്രം
ചുംബനം ഒരു സമരമാർഗ്ഗമെന്ന് ന്യൂ ജനറേഷൻ
അത് സദാചാരവിരുദ്ധമെന്ന് സദാചാരപോലീസ്

നിരോധിക്കുമെന്ന് സാദാപോലീസ്

ചുംബനങ്ങൾക്ക് തീ പിടിക്കുകയാണ്…. നിരുപദ്രവകാരിയായ ചുംബനങ്ങൾ
എങ്കിലും ചുംബനങ്ങളെ സൂക്ഷിക്കുക!
എല്ലാ ചുംബനങ്ങളും- എല്ലാ ആലിംഗനങ്ങളും
നിരുപമ സ്നേഹത്തിന്റെ-
ഊഷ്മളമായ സൗഹൃദത്തിന്റെ-
ദിവ്യമായ പ്രണയത്തിന്റെ-
നിഷ്കളങ്കമായ പ്രകടനമാണെന്ന് തെറ്റിധരിക്കരുത്.

എല്ലാം ചുംബനങ്ങളും വിശുദ്ധചുംബനങ്ങളായി… പറ്റിക്കപ്പെടരുത്

ചതിയും വഞ്ചനയും കള്ളവും കാമവും സർവ്വ കാപട്യങ്ങളും ഒളിപ്പിക്കുന്ന മറയായി,
ചിലചുംബനങ്ങളെങ്കിലും മാറിയേക്കാം
ദൈവപുത്രനായ നല്ല സ്നേഹിതനെ യൂദാസ് ഒറ്റിക്കൊടുത്തത്-
ഇറ്റും സ്നേഹമില്ലാത്ത ഒരു സ്നേഹചുംബനം കൊണ്ടാണ്

ചുംബിച്ചിട്ടല്ലെങ്കിലും കുമ്പിട്ട് വന്ദിച്ചിട്ടാണ് ഇന്ത്യയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച് മഹാത്മാവാം രാഷ്ട്രപിതാവിനെ….

അടങ്ങാത്ത പകയും ഒടുങ്ങാത്ത വിദ്വേഷവും തീരാത്ത നിരാശയുമായിരുന്നു ധൃതരാഷ്ട്രരുടെ ആലിംഗനമായി മാറിയത്

എല്ലാം ഓർമ്മയിൽ കരുതുക
അങ്ങനെയുള്ള ഒരുപാട് ഉമ്മകൾക്കും കെട്ടിപ്പിടുത്തങ്ങൾക്കും കാലം സാക്ഷി.
കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നമ്മളൊന്നെന്ന് പ്രഖ്യാപിച്ച് പൊട്ടിച്ചിരിച്ചവർ-
പിന്നെ പലരായി പലതായി… പിന്നീട് ഒന്നുമല്ലാതായതിന് ചരിത്രം സാക്ഷി.
എങ്കിലും….
അമ്മയുടെ ഉമ്മയുടെ ഉണ്മയും നന്മയും എല്ലാ ഉമ്മകൾക്കും ഉണ്ടാവട്ടേ എന്ന് ആശംസിച്ചു കൊണ്ട്…
പ്രാർത്ഥിച്ച് കൊണ്ട്….
സ്നേഹചുംബനങ്ങളോടെ എന്ന് എഴുതണമെന്നുണ്ട് തെറ്റിധരിക്കപ്പെടും എന്നതിനാൽ അങ്ങനെ എഴുതുനില്ല.

 

നിറഞ്ഞ സ്നേഹത്തോടെ

ഹൃദയപൂർവ്വം… പ്രേംകുമാർ

(ചലചിത്ര നടൻ)

പ്രേംസദൻ കഴക്കൂട്ടം പി.ഒ.
തിരുവനന്തപുരം 695582
മൊബൈൽ:9447499449