മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പു താഴ്ത്തില്ലെന്ന് മേല്‍നോട്ട സമിതി; വെള്ളം കൊണ്ടുപോകില്ലെന്ന് തമിഴ്‌നാടും

single-img
4 November 2014

MULLAPERIYAR DAMക്രമാതീതമായി വര്‍ദ്ധിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്കു താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി തള്ളി. കേരളത്തിന്റെ ഒരാവശ്യവും സമിതി പരിഗണിച്ചില്ല. തമിഴ്‌നാടിന് അനുകൂലമായ നിലപാടാണു സമിതി സ്വീകരിച്ചത്. മാത്രമല്ല വൈഗ അണക്കെട്ടില്‍ 40 ശതമാനം വെള്ളം മാത്രമുള്ളതിനാല്‍ വൈഗയിലേക്കു വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ നിര്‍ദേശവും തമിഴ്‌നാട് ചെവിക്കൊണ്ടില്ല.

ജലനിരപ്പ് ക്രമേണ 136 അടിയിലേക്ക് എത്തിക്കുക, കൂടുതല്‍ വെ ള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുക, ഷട്ടര്‍ തുറന്നു നിയന്ത്രിത അളവില്‍ പെരിയാറ്റിലേക്കു വെള്ളം ഒഴുക്കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളാണു സമിതി തള്ളിയത്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തിയെന്ന് സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന്‍ പറഞ്ഞു.

സമിതി ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിച്ചു. ഏഴും പതിനൊന്നും സ്പില്‍വേകള്‍ ഉയര്‍ത്തി സമിതി പരിശോധന നടത്തി. പിന്നീട് കുമളിയിലെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങളും നിര്‍ദേശങ്ങളും സമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍ അവഗണിക്കുകയായിരുന്നു.

136 അടിയില്‍ ജലനിരപ്പ് എത്തുമ്പോള്‍ മുതല്‍ സ്പില്‍വേകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന സെന്‍ട്രല്‍ വാ ട്ടര്‍ കമ്മീഷന്റെ നിര്‍ദേശം തമിഴ്‌നാട് അവഗണിച്ചെന്ന് വി.ജെ. കുര്യന്‍ പറഞ്ഞു. ജലനിരപ്പ് 140 അടിയില്‍ എത്തുമ്പോള്‍ മാത്രമേ സ്പില്‍വേകള്‍ പ്രവര്‍ത്തിപ്പിക്കുകയുള്ളൂവെന്ന തമിഴ്‌നാടു നിലപാടിനെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഏറെ അദ്ഭുതത്തോടെയാണു നോക്കിക്കണ്ടതെന്നും കുര്യന്‍ പറഞ്ഞു.ജലനിരപ്പ് ഉയര്‍ന്നിട്ടും എന്തുകൊണ്ടു കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നില്ലെന്ന ചോദ്യത്തിനും തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും മറുപടിയില്ലായിരുന്നുവെന്നും കുര്യന്‍ സൂചിപ്പിച്ചു.