ഗള്‍ഫിലുള്ള സുഹൃത്തിന് അച്ചാര്‍ ബോട്ടിലിനുള്ളില്‍ കഞ്ചാവ് പൊതി വെച്ച് കൊടുത്തുവിടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

single-img
4 November 2014

Ashiqതിരുവനന്തപുരം വെമ്പായം സ്വദേശിയുടെ കൈവശം അച്ചാറിനുള്ളില്‍ കഞ്ചാവ് പൊതി ഒളിപ്പിച്ച് കൊടുത്തയച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. മറ്റു മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കന്യാകുളങ്ങര സ്വദേശി ആഷിക് (25) ആണ് പിടിയിലായത്.

കുവൈറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന വെമ്പായം സ്വദേശി അന്‍സാര്‍ ലീവിന് വന്ന് തിരിച്ചു പോകവേയാണ് അച്ചാര്‍ കുപ്പിയ്ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കൊടുത്തുവിടാന്‍ ആഷിക്കും സംഘവും ശ്രമിച്ചത്. ലഗേജിന് ഭാരം കൂടിയതിനാല്‍ അച്ചാര്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ അന്‍സാര്‍ രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ കുവൈറ്റില്‍ പിടിക്കപ്പെട്ട് തടവിലാകുമായിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്നു കടത്തല്‍.

കുവൈറ്റില്‍ അല്‍ മുല്ല സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരനായ അന്‍സാര്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് മടങ്ങിപ്പോകാനിരിക്കെയാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന നൗഫലിന് വേണ്ടി മയക്കുമരുന്നു കടത്തുസംഘം അച്ചാര്‍ ബോട്ടില്‍ അന്‍സാറിനെ ഏല്‍പിച്ചത്. അന്‍സാര്‍ തന്നെയാണ് നൗഫലിന് കുവൈറ്റില്‍ ജോലി ശരിയാക്കി നല്‍കിയതും. നൗഫലിന്റെ മാതാവ് മകനു നല്‍കുവാന്‍ കുറച്ചു സാധനങ്ങള്‍ നേരത്തെ ഏല്‍പിച്ചിരുന്നതുകൂടാതെ മറ്റ് ചില സാധനങ്ങള്‍ മകനു നല്‍കുവാന്‍ നൗഫലിന്റെ നാട്ടിലുള്ള സുഹൃത്ത് കൊണ്ടുവരുമെന്ന് മാതാവ് പറഞ്ഞിരുന്നു. അതിന്‍പ്രകാരം ആഷിക് അച്ചാര്‍ ബോട്ടിലും വസ്ത്രങ്ങളുമായി എത്തി നൗഫലിന് നല്‍കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

സൗജന്യമായി കൊണ്ടു പോകുവാന്‍ കഴിയുന്ന പരിധിയില്‍ കൂടുതല്‍ ഭാരം ഉണ്‌ടെന്നു കണ്ടതിനെ തുടര്‍ന്ന് യാത്രക്കായി പെട്ടികള്‍ തയാറാക്കിയപ്പോള്‍ കുറച്ചു സാധനങ്ങള്‍ അന്‍സാബറിന്റെ വീട്ടുകാര്‍ എടുത്തു മാറ്റുകയായിരുന്നു. സുഹൃത്ത് ഏല്‍പ്പിച്ച ടീ ഷര്‍ട്ട് എടുത്ത് ഭാരക്കൂടുതലുള്ള അച്ചാര്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് നൗഫല്‍ യാത്രയായത്.

കുവൈറ്റില്‍ എത്തിയ അന്‍സാറിനെ കാണുവാന്‍ എത്തിയ നൗഫല്‍, സുഹൃത്ത് നല്‍കിയ അച്ചാര്‍ ബോട്ടില്‍ എടുക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടിയതെന്ന് അന്‍സാര്‍ പറഞ്ഞു. ഭാരം കൂടിയതിനാല്‍ അച്ചാര്‍ കൊണ്ടുവന്നില്ലെന്ന് അന്‍സാര്‍ പറഞ്ഞപ്പോള്‍ നൗഫല്‍ അസ്വസ്ഥനായെന്നും അന്‍സാര്‍ പറഞ്ഞു. ഇതിനിടെ അന്‍സാറിന്റെ വീട്ടുകാര്‍ അച്ചാര്‍ ബോട്ടില്‍ തുറന്നുനോക്കിയപ്പോഴാണ് അച്ചാര്‍ ബോട്ടിലില്‍ കഞ്ചാവ് പൊതി പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞ അന്‍സാര്‍ കുവൈറ്റില്‍ തന്നെയുള്ള ബന്ധുവിന്റെ സഹായത്തോടെ നൗഫലിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിവരം സമ്മതിച്ചത്. തനിക്ക് ഉപയോഗിക്കാനാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതാണെന്നാണ് നൗഫല്‍ പറയുന്നത്. നൗഫലിന്റെ വെളിപ്പെടുത്തല്‍ അന്‍സാറും സുഹൃത്തുക്കളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വീട്ടുകാര്‍ വട്ടപ്പാറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.