കൊടും കുറ്റവാളി സാറാവില്യംസ് എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സാറാതോമസിനെ വിട്ടയച്ചു

single-img
3 November 2014

sara-villiamsസാമ്പത്തിക തട്ടിപ്പു കേസില്‍ പോലീസ് തിരയുന്ന സാറാവില്യംസ് എന്ന് സംശയിച്ച് ചെന്നൈയില്‍ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കൊല്ലത്തെത്തിച്ച സാറാതോമസിനെ വിട്ടയച്ചു. പത്തനംതിട്ട റാന്നി അങ്ങാടി പുല്ലുപ്രം കൊടിത്തോപ്പില്‍ വീട്ടില്‍ സാറാതോമസിനെ(39)യാണ് കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ആളുമാറി കസ്റ്റഡിയിലെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച പുനലൂര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി ഇവര്‍ സാറാവില്യംസ് അല്ലെന്ന് ബോധ്യമായശേഷം വിട്ടയയ്ക്കുകയായിരുന്നു. വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് 26 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സാറാവില്യംസ്.

സാറാതോമസ് അറസ്റ്റിലായതറിഞ്ഞ് മകന്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും അപ്പോഴേക്കും അവരെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നു ക്രൈംബ്രാഞ്ചിനു കൈമാറി. ഇതേതുടര്‍ന്നാണു സാറാ തോമസിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സഹോദരി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ക്രൈംബ്രാഞ്ചിനും പരാതി നല്‍കിയത്.

സാറാ തോമസാണെന്നു തെളിയിക്കുന്ന രേഖകള്‍ ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനു നല്‍കുകയും ചെയ്തു. തുടര്‍ന്നു പുനലൂര്‍ മജിസ്‌ട്രേറ്റിന്റെ ഇടപെടലോടെ രേഖകള്‍ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതോടെ ഇവര്‍ സാറാ തോമസാണെന്ന് ബോധ്യപ്പെട്ടു വിട്ടയയ്ക്കുകയായിരുന്നു