ബാർ കോഴ :ധനമന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്ന് പിണറായി വിജയൻ

single-img
2 November 2014

piബാർ കോഴ ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ധനമന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ . മന്ത്രിസ്ഥാനത്ത് തുടർന്നു കൊണ്ട് വിജിലൻസ് അന്വേഷണം നേരിടുന്നത് ഭൂഷണമല്ല എന്നും എത്രയും വേഗം മന്ത്രിസ്ഥാനം ഒഴിയാൻ മാണി തയ്യാറാകണം എന്നും അദ്ദേഹം അവെശ്യപെട്ടു . അല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പിണറായി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

വിജിലൻസിനെ ഉപയോഗിച്ച് അന്വേഷണ പ്രഹസനം നടത്താനും ഭരണമുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലികമായി ശമനം ഉണ്ടാക്കാനുമാണ് സർക്കാരിന്റെ ശ്രമം. ബാർ അഴിമതിക്കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും പങ്ക് അന്വേഷിക്കണം. ബാർ കോഴ ഇടപാട് പുറത്തു വന്നതോടെ അഴിമതിയിൽ മുങ്ങിയ യു.ഡി.എഫ് സർക്കാരിന്റെ മുഖം ഒന്നുകൂടി വികൃതമായിരിക്കുകയാണ് എന്നും പിണറായി വിജയൻ ആരോപിച്ചു .

 
അധികാരം നിലനിർത്തുന്നതിന് വേണ്ടി നിയമത്തേയും നീതി ഭരണ സംവിധാനങ്ങളെയും അട്ടിമറിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്കെതിരായ പാമോയിൽ കേസിനെ അട്ടിമറിക്കാൻ വിജിലൻസിനെയും ഭരണസംവിധാനത്തേയും ദുരുപയോഗം ചെയ്തതിലൂടെ കേരളജനതയ്ക്ക് ഇക്കാര്യം ബോധ്യമായതാണ് എന്നും പിണറായി പറഞ്ഞു.