വിചാരണയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരന്‍ തീവണ്ടിയില്‍നിന്ന് ചാടി ഗുരുതര പരിക്ക്

single-img
1 November 2014

tതിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് മാവേലിക്കര കോടതിയില്‍ വിചാരണയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരന്‍ തീവണ്ടിയില്‍നിന്ന് ചാടി ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45 ന് പെരിനാട് റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം.

 

ശബരി എക്‌സ്പ്രസില്‍ മാവേലിക്കര കോടതിയിലേക്ക് വിചാരണയ്ക്കായി കൊണ്ടുപോയ മാവേലിക്കര കുന്നുംകര പോള്‍ വില്ലയില്‍ ഷാജിക്കുഞ്ഞ് (40) ആണ് തീവണ്ടിയില്‍നിന്ന് ചാടിയത്. ആയുധം കൈവശം വച്ചതിനായിരുന്നു മാവേലിക്കര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് തീവണ്ടിയിലെ ടോയ്‌ലെറ്റിലേക്ക് പോകുന്നവഴി പുറത്തേക്ക് ചാടുകയായിരുന്നു. പാതയ്ക്ക് സമീപം ഇടതൂര്‍ന്ന് നില്‍ക്കുന്ന പുല്ലിന്റെ പുറത്താണ് ഷാജിക്കുഞ്ഞ് വീണത്. ആന്തരികാവയവങ്ങള്‍ക്കും നട്ടെല്ലിനും പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഷാജിക്കുഞ്ഞെന്ന് പോലീസ് പറഞ്ഞു.
ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ തീവണ്ടിക്ക് വേഗത കുറവായിരുന്നു. അഞ്ചാലുംമൂട് പോലീസും കണ്‍ട്രോള്‍ റൂം പോലീസും സ്ഥലത്തെത്തി ഷാജിക്കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.