ബാറുകള്‍ തുറക്കുവാന്‍ കെ. എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ബാര്‍ ഉടമ

single-img
1 November 2014

BIJUപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുവാന്‍ ധനമന്ത്രി കെ. എം. മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ആരോപിച്ചു. ഇതില്‍ ഒരു കോടി രൂപ പാലായിലെ വീട്ടിലെത്തി നല്‍കിയതായും ബിജു പറഞ്ഞു. എന്നാല്‍ ബാറുകള്‍ തുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതിനാല്‍ ബാക്കി പണം നല്‍കിയില്ലെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്‌നം മുഖ്യമന്ത്രിയുടെ അടുക്കല്‍ ഉന്നയിച്ചപ്പോള്‍ ഒരു ചില്ലികാശു പോലും നല്‍കരുതെന്ന് പറഞ്ഞതായും ബിജു രമേശ് പറഞ്ഞു. സിബിഐ വിഷയം അന്വേഷിക്കുമെങ്കില്‍ തെളിവ് നല്‍കുവാന്‍ തയാറാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. മാണിയുമായി സംസാരിച്ചതിന്റെ ശബ്ദ രേഖ തന്റെ കൈവശമുണ്‌ടെന്നും ബിജു രമേശ് അവകാശപ്പെട്ടു.

അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നല്‍കിയത്. ഇതിനിടെ വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നല്‍കിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നല്‍കാത്തതെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.