സ്വന്തം വീട്ടുമുറ്റത്തിരുന്ന യുവതിയുടെ നഗ്നത ഗൂഗിൾ മാപ്പിൽ;പരാതിയിൽ പിഴ നൽകാൻ ഉത്തരവ്

single-img
31 October 2014

candianമോന്‍ഡ്രിയല്‍: കാനേഡിയന്‍ യുവതിയുടെ നഗ്‌നത ഗൂഗിള്‍ മാപ്പിലൂടെ കാണിച്ചതിന് ഗൂഗിൾ നഷ്ടപരിഹാര നൽകണമെന്ന് കോടതി. കാനഡക്കാരിയായ മരിയ പിയ ഗ്രില്ലോയാണ് ഗൂഗിള്‍ മാപ്പില്‍ തന്റെ നഗ്‌നതകാട്ടിയെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. യുവതിക്ക് നഷ്ടപരിഹാരമായി 2,250 ഡോളറും പലിശയും അതോടൊപ്പം കോടതിച്ചിലവായ 175 ഡോളറും ഗൂഗിള്‍ അടയ്ക്കണമെന്ന് മോന്‍ഡ്രിയല്‍ കോടതി വിധിച്ചു

വീടിരിക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പില്‍, മുറ്റത്തിരിക്കുന്ന മരിയയുടെ മാറിടം കാണുന്നു എന്നായിരുന്നു പരാതി.  ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂവിലാണ് മരിയയെ കാണിക്കുന്നത്. ഗൂഗിളിന്റെ ക്യാമറ ഘടിപ്പിച്ച കാറാണ്, മുറ്റത്തിരിക്കുന്ന ഇവരുടെ ചിത്രമെടുത്തത്.

2009ലാണ് മരിയ തന്റെ ഗൂഗിള്‍ മാപ്പ് ചിത്രം കാണുന്നത്. ചിത്രം കണ്ടപ്പോള്‍ ഞെട്ടലും നാണക്കേടുമാണ് ഉണ്ടായതെന്ന് ഇവര്‍ പറഞ്ഞു. ചിത്രത്തില്‍ ഇവരുടെ മുഖം മങ്ങിയാണ് കാണിച്ചിരിക്കുന്നത്. എങ്കിലും ചിത്രത്തിൽ തന്റെ മാറിടത്തിന്റേയോ കാറിന്റെ നമ്പർ പ്ലേറ്റോ മറച്ചിട്ടില്ലെന്നും. ഇതുവഴി ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. 2011ലാണ് ഇവര്‍ ഗൂഗിളിനെതിരെ നിയമയുദ്ധം ആരംഭിക്കുന്നത്. തന്റെ മുഖം മാത്രമല്ല, ശരീരം മൊത്തത്തിലും കാറിന്റെ നമ്പര്‍പ്ലേറ്റും അവ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ചിത്രം അവ്യക്തമാക്കാമെന്ന് ഗൂഗിള്‍ സമ്മതിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ തയാറായില്ല. പൊതു സ്ഥലത്താണ് മരിയ ഇരുന്നതെന്നും അതിനാല്‍ ഇത് ന്യായീകരിക്കാനാവില്ല എന്നുമാണ് അവര്‍ അറിയിച്ചത്. എന്നാല്‍ കമ്പനിയുടെ വാദംകോടതി അംഗീകരിച്ചില്ല. മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന സ്ഥലത്തിരുന്നു എന്ന കാര്യത്തിന് ജനങ്ങളുടെ സ്വകാര്യത നഷ്ടപ്പെടാന്‍ സമ്മതിക്കില്ല എന്നാണ് കോടതി അറിയിച്ചത്.