ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒരു മാസത്തേക്ക് കൂടി തൽസ്ഥിതി തുടരാൻ ഡിവിഷന്‍ ബഞ്ച് ഉത്തരവ്

single-img
31 October 2014

bar-kerala2208 കൊച്ചി: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അംഗീകാരം നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ത്രീസ്റ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഇതേത്തുടര്‍ന്ന് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 250 ബാറുകള്‍ക്കും ഒരുമാസം കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചു.  സിംഗിള്‍ ബഞ്ച് ഉത്തരവ് ഉണ്ടാകുന്നതിന് മുന്‍പത്തെ സ്ഥിതി തുടർണമെന്നാണ് കോടതി ഉത്തരവ്.

ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുന്നതുവരെ വിധി നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നു ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുടമകള്‍ ഇന്നലെ പ്രത്യേക ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതു കോടതി തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്നു ഉച്ചയോടുകൂടി, തുറന്നിരുന്ന 250 ബാറുകളും എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനിടെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വന്ന അപ്പീലുകള്‍ കോടതി ഫയലില്‍ സ്വീകരിച്ചു.