ഡല്‍ഹി ഇമാം മകന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മറ്റിനിർത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു

single-img
31 October 2014

Bukhari addresses an all-party meeting consisting of Muslim leaders outside the Jama Masjid mosque in the old quarters of Delhiന്യൂഡല്‍ഹി: മകന്റെ സ്ഥാനാരോഹണ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മറ്റിനിർത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച ഡല്‍ഹി ഇമാമിന്റെ നടപടി വിവാദമാകുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ആരോപണ വിധേയനായതിനാലാണ് പ്രധാനമന്ത്രിയെ വിളിക്കാത്തതെന്നാണ് വിശദീകരണം. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബി.ജെ.പി. രംഗത്തെത്തി.

ഡല്‍ഹി ജുമാമസ്ജിദിന്റെ ഉപ ഇമാമായി 19-കാരനായ മകന്‍ ഷാബാനെ കഴിഞ്ഞ ദിവസം ഇമാം സയിദ് അഹമ്മദ് ബുഖാരി പ്രഖ്യാപിച്ചിരുന്നു. നിരവധി മതനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങ് നവംബര്‍ 22-നാണ് നടക്കുന്നത്.

‘ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി രാഷ്ട്രീയ-മത നേതാക്കള്‍ മകന്റെ സ്ഥാനാരോഹണ ചടങ്ങിന് പങ്കെടുക്കുന്നുണ്ട്. ഇവരോടൊപ്പം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പങ്കെടുക്കും. എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുസ്ലിംകള്‍ മാപ്പു നല്‍കിയിട്ടില്ലാത്തതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കത്തതെന്ന്’ ഇമാം വിശദീകരിച്ചു.

ഇത് വ്യക്തിപരമായ ഏറ്റുമുട്ടലല്ലെന്നും മോദി മുസ്ലീങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും. അതുപോലെ തന്നെ മുസ്ലീങ്ങൾ മോദിയേയും ഇഷ്ടപ്പെടുന്നില്ല. മോദി ഒരിക്കലും മുസ്ലീങ്ങളിലേക്കെത്താന്‍ ശ്രമിച്ചിട്ടില്ല. മുസ്ലീങ്ങളെ അകലെ നിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഡെൽഹി ഇമാം ബുഖാരി വിശദീകരിച്ചു.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് നളിന്‍ കോഹ്ലി കുറ്റപ്പെടുത്തി. എന്തു സന്ദേശമാണ് ഇതിലൂടെ ഇമാം കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. അവര്‍ പാകിസ്ഥാനെയല്ല, ഇന്ത്യയെയാണ് സ്‌നേഹിക്കുന്നത്. എന്നാല്‍ ഷാഹി ഇമാമിന്റെ പ്രവൃത്തിയുടെ സന്ദേശമെന്താണ്-കോഹ്ലി ചോദിച്ചു.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ഡോ.ഹര്‍ഷ് വര്‍ധന്‍, നേതാക്കളായ സയിദ് ഷാനവാസ് ഹുസൈന്‍, വിജയ് ഗോയല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

കൂടാതെ ഷാബാനെ ഉപ ഇമാമായി നിയമിക്കുന്നതിനെ ബുഖാരി ന്യായീകരിച്ചു. മാനുഷികവും മതപരവും ആയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മകനെ ഉപ ഇമാമാക്കിയത്. സയിദ് ബുഖാരിക്കുശേഷം ഷാബാന്‍ ഡല്‍ഹി ജുമാമസ്ജിദിന്റെ പതിനാലാം ഇമാമായി ചുമതലയേല്‍ക്കും.