ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന്‍ ഏർപ്പാടാക്കിയ ഗുണ്ടാസംഘം പട്ടാപ്പകല്‍ നഗരത്തെ വിറപ്പിച്ചു

single-img
31 October 2014

kotകോഴിക്കോട്: ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന്‍ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം  പട്ടാപ്പകല്‍ നഗരത്തെ വിറപ്പിച്ചു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പ്ലാറ്റിനം മാനറില്‍ ഫ്ലാറ്റ് നമ്പര്‍-2ലെ നൗല്‍(19) ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് പത്തു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കാമുകനൊപ്പം ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാനായി സഹോദരന്‍ നല്കിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.  ക്വട്ടേഷന്‍സംഘം ഉപയോഗിച്ചിരുന്ന കാറില്‍ നിന്നും രണ്ടു വടിവാളും കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.  നേരത്തെ മാത്തോട്ടം സ്വദേശിയായ 21കാരൻ ഷബീബ് 19-കാരിയെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ചെമ്മങ്ങാട് പോലീസില്‍ പരാതി നല്കിയിരുന്നു.

ഇതിനെ തുടർന്ന് സുഹൃത്തുക്കളോടൊപ്പം ഇരുവരും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനുമുമ്പില്‍ ഹാജരാക്കാന്‍ വരുന്നതിനിടയിലാണ് ആക്രമണം. സ്വിഫ്റ്റ് കാറിലും ബൈക്കിലുമായി എത്തിയ ക്വട്ടേഷന്‍ സംഘം ഇവരെ തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തിന് നേരെ നാട്ടുകാര്‍ തിരിഞ്ഞതോടെ സംഘം ചിതറിയോടി. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ക്വട്ടേഷന്‍ സംഘത്തിലെ നൗലിനെ പിടികൂടിയത്. പരിക്കേറ്റ ഷബീബിനേയും കൂടെയുണ്ടായിരുന്ന ഫിറോസിനേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മങ്ങാട് പോലീസില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കൂടാതെ ഷബീബിന്റേയും പെണ്‍കുട്ടിയുടേയും കൂടെ കാറിലും ഉണ്ടായിരുന്നവര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.