വീണ്ടും ഇന്റെർനെറ്റ് തട്ടിപ്പിൽ മലയാളി കുടുങ്ങി;ഒരു കോടി രൂപയ്ക്കായി മറയൂർ സ്വദേശി നഷ്ടപ്പെടുത്തിയത് അറുപതിനായിരം രൂപ

single-img
30 October 2014

internetമറയൂര്‍ (ഇടുക്കി): വീണ്ടും ഇന്റെർനെറ്റിലൂടെ പണം തട്ടിപ്പ്. മറയൂരില്‍ പട്ടിക്കാട് സ്വദേശിയായ യുവാവിന്റെ കൈയ്യിൽ നിന്നാണ് പണം നഷ്ടമായത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്ന് സെവന്‍ അപ്പ് അവാര്‍ഡായി ഒരു കോടി രൂപ ലഭിച്ചെന്ന് യുവാവിന് മൊബൈല്‍ സന്ദേശം ലഭിച്ചിരുന്നു. ഈ സമ്മനത്തുക ലഭിക്കുന്നതിനായി യുവാവിന് സ്വന്തം കീശയില്‍നിന്ന് നഷ്ടമായത് 59,250 രൂപ.

24ന് രാവിലെയാണ് യുവാവിന് സമ്മാനം കിട്ടിയെന്ന സന്ദേശം ലഭിച്ചത്. സന്ദേശം വന്ന നമ്പരിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ 19,250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് ഇല്ലിമുറു എന്നയാളുടെ പേരില്‍ എസ്.ബി.ഐ സഹായഗിരി ബ്രാഞ്ചില്‍ പണമടച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും സന്ദേശം. യൂറോയില്‍ നിന്ന് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റാന്‍ 98,000 രൂപ കൂടി അടയ്ക്കണമെന്ന്.

അത്രയും തുക തന്റെ കൈയിലില്ലെന്ന് അറിയിച്ചപ്പോൾ 40,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. യുമ്‌നം മഹീന്ദ്രസിങ് എന്നയാളുടെ പേരില്‍ 20,000 രൂപയും നൂറണ്‍ ധോപ്പാസിങ് എന്നയാളുടെ പേരില്‍ ബാക്കി 20000വും അടച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലഭിച്ച സന്ദേശത്തിൽ പറഞ്ഞത് വിനിമയനിരക്കില്‍ ബാക്കിയുള്ള 58,000 രൂപ വേണമെന്ന് ലണ്ടനിലെ സ്ഥാപനം നിര്‍ബന്ധം പിടിക്കുന്നതിനാല്‍ അതികൂടി അടക്കണമെന്ന്.

അപ്പോഴേക്കും സംശയം തോന്നിയ ചെറുപ്പക്കാരൻ. പദ്ധതിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. ബ്രിട്ടീഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്താലേ പണം തിരികെ ലഭിക്കൂ എന്നായിരുന്നു തട്ടിപ്പുകാരുടെ മറുപടി. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട യുവാവിന് അറിയാൻ കഴിഞ്ഞത് പണം ഇട്ട നിമിഷം തന്നെ തട്ടിപ്പുകാർ തുക പിന്‍വലിച്ചുവെന്നാണ്. സംഭവത്തെ പറ്റി യുവാവ് മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.