ജയിലില്‍ചാട്ടം; അഞ്ചു ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചു

single-img
29 October 2014

Kannur-Central-Jailകണ്ണൂർ: മോഷണക്കേസില്‍ പ്രതി ജയിലില്‍ ചാടി രക്ഷപെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ക്കെതിരേ ഉത്തരമേഖല ജയില്‍ ഡിഐജി നടപടി സ്വീകരിച്ചു. മലപ്പുറം തിരൂരങ്ങാടി അറയ്ക്കല്‍ സ്വദേശി എ. മന്‍സൂര്‍ (25) സെന്‍ട്രല്‍ ജയിലില്‍നിന്നു മതില്‍ ചാടി രക്ഷപെട്ടത്.
മതിലിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന പ്രധാന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിനു പുറമെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും താത്കാലിക ജീവനക്കാരായ രണ്ടുപേരെ പുറത്താക്കുകയും ചെയ്തു. എംപ്ലോയ്‌മെന്റു വഴി നിയമനം ലഭിച്ച സോജനെയും ദിവസവേതനത്തിനു നിയോഗിച്ച ഷമീറിനെയുമാണു പുറത്താക്കിയത്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ചിത്രനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ നിഷാന്ത്, ബോസ് എന്നിവരെ ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലേക്കു സ്ഥലംമാറ്റി.  മതിലിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഇവരുടെ സാന്നിധ്യം സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്നാണു ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ മേധാവി സെന്‍കുമാറിനു കൈമാറി.  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തടവുകാര്‍, ചുമതല ഉണ്ടായിരുന്ന ജീവനക്കാര്‍ എന്നിവരില്‍നിന്നു രണ്ടു ദിവസങ്ങളിലായി ഡിഐജി മൊഴി ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണു തടവുകാരന്‍ രക്ഷപെട്ടത്. പഴയ ജയില്‍ കെട്ടിടത്തിലെ കഴുക്കോല്‍ മതിലില്‍ ചാരി വച്ചായിരുന്നു രക്ഷപെടല്‍. തടവുചാടിയവരെല്ലാം പുറത്തുകടക്കാന്‍ ഇതേ വഴി തന്നെ സ്വീകരിക്കുന്നതു സുരക്ഷാ ചുമതലയുള്ള ജീവനക്കാരുടെ കടുത്ത വീഴ്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രക്ഷപെട്ട തടവുകാരനായി അന്വേഷണം നടത്താന്‍ കൊണ്ടുവന്ന പോലീസ് നായ ജയിലിനു മുന്നിലുള്ള റോഡ് വരെ ഓടിയശേഷം അവിടെ നില്ക്കുകയായിരുന്നു. ജയിലിനു മുന്നില്‍നിന്ന് ഏതെങ്കിലും വാഹനത്തില്‍ കയറി മന്‍സൂര്‍ രക്ഷപെട്ടെന്നാണു കരുതുന്നത്. പുറമെനിന്നുള്ളവരുടെ സഹായം ഇയാള്‍ക്കു ലഭിച്ചതായി കരുതുന്നുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.