ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും ബ്രിട്ടനുമിടയില്‍ വളര്‍ന്നുവരേണ്ടത് സൗഹൃദങ്ങളാണ് അല്ലാതെ വൈരമല്ല; അതുകൊണ്ടുതന്നെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ഡേവിഡ് കാമറൂണ്‍

single-img
28 October 2014

David_Cameronഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമായ കാശ്മീര്‍ വിഷയത്തില്‍ ഇടപെടുവാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. അതിനാല്‍തന്നെ നിലവിലെ സാഹചര്യങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരേണ്ടത് സൗഹൃദവും സാമ്പത്തിക രംഗത്തുള്ള കൂടുതല്‍ സഹകരണവും വ്യാവസായിക വളര്‍ച്ചയുമാണെന്നും അതുകൊണ്ട് കാശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബ്രിട്ടണിലേക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരാമെന്നും ഇതിനോടകം തന്നെ മോദിയുമായി തന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയതായും കാമറൂണ്‍ പറഞ്ഞു. താന്‍ ഇതിനോടകം തന്നെ മൂന്ന് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015-ല്‍ നടക്കുന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണില്‍ എത്തിയ ശേഷം ഇവിടെ തന്നെ താമസമാക്കിയവര്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യാ ബ്രിട്ടണ്‍ സൗഹൃദം ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതും.