ഒബാമയെ ഞെട്ടിച്ച അരുണ്‍ പറ്റിച്ചത്‌ ഭൂരിപക്ഷം മലയാളികളെയും മാധ്യമങ്ങളേയും; തട്ടിപ്പില്‍ വീഴാത്തവര്‍ പൊളിച്ചടുക്കിയത് നുണയുടെ ചീട്ടുകൊട്ടാരം

single-img
28 October 2014

arun (1)നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിനുമുന്നില്‍ മരിച്ചാലും അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ‘ഞെട്ടിപ്പിച്ച’ കോട്ടയം മണിമല സ്വദേശി അരുണ്‍ കബളിപ്പിച്ചത് പ്രധാന മാധ്യമങ്ങളെയും ഭൂരിപക്ഷം മലയാളികളെയും. രാജ്യസ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിനിധിയായി പ്രമുഖ മാധ്യമങ്ങളുടെ പ്രധാന ഇടങ്ങളില്‍ ഇടംപിടിച്ച അരുണിന്റെ നുണക്കഥ പൊളിച്ചടുക്കിയത് സോഷ്യല്‍മീഡിയ സൈറ്റായ ഗൂഗിള്‍ പ്ലസും.

ഗൂഗിള്‍ പ്ലസില്‍ നടന്ന ചര്‍ച്ചകളുടെ സ്വാധീനഫലമായി അരുണിനെ ബന്ധപ്പെട്ട ഡെക്കാന്‍ ക്രോണിക്കിള്‍ പത്ര ലേഖകനോടാണ് അരുണ്‍ തന്റെ ഇപ്പോഴത്തെ നിസഹായാവസ്ഥ വെളിപ്പെടുത്തിയത്. നാസ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ലെന്നും ഏറെ അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ബാര്‍ബറ ലെസ്‌കോയെ നേരിട്ടു കണ്ടിട്ടുപോലുമില്ലെന്നും അരുണ്‍ കുറ്റസമ്മതം നടത്തി. മാത്രമല്ല അപൂര്‍വ്വമായ രാജ്യസ്‌നേഹം പ്രകടിപ്പിച്ച അരുണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നതും കല്ലുവെച്ചനുണയാണെന്ന് തെളിഞ്ഞു.

കോട്ടയം മണിമല സ്വദേശിയായ 27 വയസുകാരന്‍ അരുണിന് നാസയിലെ ജോലിക്ക് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. നാസ വാര്‍ത്ത പ്രചരിച്ച സമയത്ത് തന്നെ ഇത് കള്ളക്കഥയാണോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. ‘നെറ്റിസന്‍ പോലീസ്’ എന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അരുണ്‍ പറഞ്ഞിരുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ച ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ നല്‍കുകയും അതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ നുണക്കഥയുടെ കള്ളി വെളിച്ചത്തായത്.

ഇതിന്റെ അടസ്ഥാനത്തില്‍ അരുണിനെ നേരിട്ടു ബന്ധപ്പെട്ട പത്രലേഖകനോട് അരുണ്‍ തനിക്ക് ജോലി സംബന്ധമായി നാസയില്‍ ചില തടസങ്ങള്‍ ഉണ്ടെന്നും അതുകൊണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ അവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ നടത്തിയ കൂടികാഴ്ചയുടെ ചിത്രങ്ങള്‍ ലേഖകന് അയച്ചു കൊടുക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെ അരുണ്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ഡോ.ബാര്‍ബറ ലെസ്‌കോയുടെ കീഴില്‍ ഗവേഷണം നടത്തുകയാണെന്നാണ് അരുണ്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അരുണ്‍ പറഞ്ഞ ജൂലൈ 2013 നും ജൂലൈ 2014 നും ഇടയില്‍ റോയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനില്‍ അധ്യാപകനായാണ് ജോലി ചെയ്തിരുന്നതെന്ന് പ്രസ്തുത സര്‍വകലാശാല ഐടി വിഭാഗം മേധാവി ഷെട്ടന്‍ ദോര്‍ജി വെളിപ്പെടുത്തിയതോടെയാണ് അരുണ്‍ കീഴടങ്ങിയത്.

തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് റോയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനില്‍ ജോലി ചെയ്തിരുന്ന കാര്യം അരുണ്‍ സമ്മതിക്കുകയായിരുന്നു. എംഐടിയില്‍ പി.എച്ച്.ഡിയ്ക്ക് 2012 ല്‍ പ്രവേശം ലഭിച്ച അരുണ്‍ ഒരുവര്‍ഷം കൊണ്ട് എം.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയെന്ന വാദം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഒരിക്കലും പി.എച്ച്.ഡി എടുക്കാന്‍ സാധ്യമല്ലെന്നതാണ് സത്യം. ‘നെറ്റിസന്‍ പോലീസ്’ ഫേസ്ബുക്ക് ഗ്രൂപ്പിലുള്ള അമേരിക്കയിലുള്ള ചിലര്‍ ഇതിനുവേണ്ടി എംഐടി സന്ദര്‍ശിച്ച് അന്വേഷണം നടത്തിയിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡിയയിലൂടെ ഗവേഷക വിദ്യാര്‍ഥികള്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പിന്നീട് ഇതുപയോഗിച്ച് പ്രമുഖ സര്‍വകലാശാലകളില്‍ ജോലി തരപ്പെടുത്താന്‍ ശ്രമിക്കുന്ന പതിവുണ്ടെന്നും അവര്‍ പിന്നീട് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ബയോഡാറ്റയ്‌ക്കൊപ്പം ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കൂടി ഉള്‍പ്പെടുത്തുക പതിവാണെന്നും ടെലികമ്മ്യുണിക്കേഷന്‍ എസ്.പി. ജയനാഥ് ജയന്തന്‍ ഐ.പി.എസ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംഭവമായിരിക്കണം അരുണിന്റെ കാര്യത്തിലുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.