സിനിമ ശൈലിയിൽ കോടികളുടെ ബാങ്കുകവര്‍ച്ച

single-img
28 October 2014

Bank_heist_tunnelറോത്താക്‌: സിനിമ ശൈലിയിൽ 125 അടി ആഴത്തില്‍ തുരങ്കമുണ്ടാക്കി കോടികളുടെ ബാങ്കുകവര്‍ച്ച. ഹരിയാനയിലെ ഗോഹാന ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ശാഖയുടെ സ്‌ട്രോംഗ്‌റൂം തകര്‍ത്തായിരുന്നു മോഷണം. പണവും കോടിക്കണക്കിന്‌ മൂല്യം വരുന്ന വസ്‌തുക്കളും മോഷണം പോയി. തിങ്കളാഴ്‌ച രാവിലെയാണ്‌ മോഷണവിവരം അറിഞ്ഞത്.

രാജ്യത്ത്‌ നടന്നിട്ടുള്ള ഏറ്റവും വലിയ ബാങ്ക്‌ കവര്‍ച്ചയാണിത്. ബാങ്കിന്റെ 360 ലോക്കറുകളില്‍ 90 എണ്ണവും മോഷ്‌ടാക്കള്‍ തകര്‍ത്തെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു. ശനിയാഴ്‌ച രാത്രിയ്‌ക്കും തിങ്കളാഴ്‌ച പുലര്‍ച്ചെയ്‌ക്കും ഇടയിലാണ്‌ മോഷണം നടന്നിട്ടുണ്ടാവുക. സംഭവത്തിന്‌ പിന്നില്‍ വന്‍ സംഘമുണ്ടെന്ന്‌ സംശയിക്കുന്നതായും പോലീസ്‌ പറഞ്ഞു.  സംശയാസ്‌പദമായ സാഹചര്യത്തില്‍ ആരെങ്കിലും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ബാങ്കില്‍ വന്നിരുന്നോ എന്ന് അറിയാൻ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ്‌ പരിശോധിക്കുകയാണ്.

സ്‌ട്രോംഗ്‌റൂമില്‍ ക്യാമറ വെച്ചിരുന്നില്ല.  പഞ്ചാബി നാഷണല്‍ ബാങ്കിന്റെ ശാഖയ്‌ക്ക് എതിര്‍വശത്തുള്ള ആള്‍പാര്‍പ്പില്ലാത്ത ഒരു കെട്ടിടത്തില്‍ നിന്നുമാണ്‌ 2.5 അടി വ്യാസമുള്ള തുരങ്കം തുടങ്ങുന്നത്‌. കെട്ടിടത്തിന്റെ രണ്ടു മുറികള്‍ തുരങ്കത്തിന്‌ വേണ്ടി എടുത്തുമാറ്റിയ മണ്ണ്‌ കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. അകത്ത്‌ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കെട്ടിടത്തിന്റെ ജനാലകള്‍ കട്ടി കാര്‍ഡ്‌ബോര്‍ഡ്‌ കൊണ്ടു മറച്ചിരിക്കുകയായിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ പണി നടക്കുന്ന വിവരം ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ദിവസങ്ങളും മാസങ്ങളും എടുത്താകാം പദ്ധതി സംഘം നടപ്പിലാക്കിയിരിക്കുക എന്നാണ്‌ പോലീസ്‌ പറയുന്നത്‌.

2007 ല്‍ മലപ്പുറത്തെ ചേലാമ്പ്ര ബാങ്കില്‍ നടന്നതിന്‌ സമാനമായ രീതിയിലാണ്‌ കവര്‍ച്ച നടന്നിരിക്കുന്നത്‌. അന്ന് ബാങ്കിൽ നിന്നും 80 ദശലക്ഷം രൂപയാണ്‌ നഷ്‌ടമായത്‌. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഷ്‌ടാക്കളെ പോലീസ്‌ പിടിക്കുകയും ചെയ്‌തു. ധൂം എന്ന ചിത്രമാണ്‌ മോഷണത്തിന്‌ പ്രചോദനമായതെന്നായിരുന്നു അന്ന്‌ സംഘ തലവന്‍ പറഞ്ഞത്‌.