ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞു; പെട്രോളടിച്ച് സാധാരണക്കാരന്‍ കുത്തുപാളയെടുക്കുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ കേന്ദ്രത്തിന്റെ ലാഭം 55,000 കോടി രൂപ

single-img
24 October 2014

petrolആഗോളതലത്തില്‍ കുത്തനെയിടിഞ്ഞ എണ്ണവില കേന്ദ്രസര്‍ക്കാരിന് നേടിക്കൊടുക്കുകന്നത് 55,000 കോടി രൂപയുടെ സാമ്പത്തിക ലാഭമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുവാന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു നിധിയാണ് ഈ എണ്ണ വിലയിടിവ്. സബ്‌സിഡി ഇനത്തിലാണ് ഈ ഭീമമായ തുക കേന്ദ്രസര്‍ക്കാരിന്റെ കൈകളിലെത്തുന്നത്.

ലോകം സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരയറാന്‍ തുടങ്ങിയതും വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിച്ചതുമാണ് രാജ്യാന്തര വിപണിയില്‍ വില ഇടിയാനിടയാക്കിയത്. ബ്രന്റ് ക്രൂഡ് വില ഇത്രയും താഴ്ന്നതിനാല്‍ സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് വന്‍തുക ലാഭിക്കാനാകും. എണ്ണവിലയിലെ കുറവ് മൂലം ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് നല്‍കാന്‍ തയ്യാറായതാണ് പെട്ടെന്ന് ഇടിവുണ്ടാക്കിയത്. വില കുറയ്ക്കാന്‍ ആദ്യം സൗദി തയ്യാറായിരുന്നില്ലെങ്കിലും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ വില കുറച്ച് വിപണി പിടിക്കാന്‍ തുടങ്ങിയതോടെയാണ് സൗദിയും വില കുറയ്ക്കാന്‍ തയ്യാറായത്. ഇനി പെട്ടെന്ന് വിലകൂടാന്‍ നിലവില്‍ സാഹചര്യമില്ലെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചന.