എല്ലാപേരേയും പോലെ അവര്‍ അഞ്ചുപേരും മൂന്നാറിലെ ചൊക്രമുടി കയറി; പക്ഷേ അവര്‍ തിരിച്ചിറങ്ങിയത് സഞ്ചാരികള്‍ ഉപേക്ഷിച്ചിട്ടു പോയ ചാക്ക് കണക്കിന് മാലിന്യങ്ങളുമായിട്ടായിരുന്നു

single-img
24 October 2014

cchc

മോനിച്ചന്‍, ഷാഫി, പപ്പന്‍, സുരേഷ്, പ്രശാന്ത്; ഇവര്‍ അഞ്ചുപേരും മറ്റുള്ള സഞ്ചാരികളെപോലെ തന്നെയാണ് മൂന്നാറിലെ ചൊക്രമുടി കയറിയത്. പുത്ത് നില്‍ക്കുന്ന മുന്നാറിന്റെ മാത്രമായ നീലക്കുറിഞ്ഞിയുടെ സൗന്ദര്യം കാണണം. ചൊക്രമുടിയുടെ നിഗൂഡ സൗന്ദര്യം ആസ്വദിക്കണം. പക്ഷേ അതെല്ലാം കഴിഞ്ഞ് അവര്‍ തിരിച്ചിറങ്ങിയത് മറ്റുള്ളവരെ പോലെയായിരുന്നില്ല. അവര്‍ക്ക് മുമമ്പ വന്ന സഞ്ചാരികള്‍ ഉപേക്ഷിച്ചിട്ട് പോയ പ്ലാസ്റ്റിക്, മിനറല്‍ വാട്ടര്‍ കുപ്പികള്‍, മദ്യക്കുപ്പികള്‍, ആഹാരാവശിഷ്ടങ്ങള്‍ എന്നുവേണ്ട എല്ലാമടങ്ങിയ ചാക്കുകണക്കിന് മാലിന്യങ്ങളുമായിട്ടായിരുന്നു.

വെസ്‌റ്റേണ്‍ ഗട്ട്‌സിന്റെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളിലൊന്നായ മൂന്നാറിലെ ചൊക്കന്‍മുടിയെന്ന ചൊക്രമുടിയിലേക്ക് നീലക്കുറിഞ്ഞി പൂത്തതുമായി ബന്ധപ്പെട്ട് ആഴ്ചകളായി സഞ്ചാരികളുടെ ഒഴുക്ക് തന്നെയായിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്വദേശികള്‍ തന്നെയാണെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. വനംവകുപ്പിന്റെ കണ്ണിലും, അധികാരികളുടെ യാതൊരു പരിഗണനയിലും പെടാതെ കിടക്കുന്ന ഒരു സ്ഥലമാണ് ഇവിടം. ഇരുവശവും കീഴ്ക്കാന്തൂക്കായ പാറക്കെട്ടാണ്, അപകടകരമായ വംശനാശം നേരിടുന്ന വരയാടുകളുടെ ഒരാവാസകേന്ദ്രം കൂടിയാണ് ചൊക്രമുടി.

Chokraഅവിടെ നീലനിറമണിയിച്ച് പൂത്ത് നില്‍ക്കുന്ന കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. കഴിഞ്ഞ ദിവസം എല്ലാ പ്രാവശ്യത്തേയും പോലെ പതിവ് യാത്രയിലാണ് മോനിച്ചനും സുഹൃത്തുക്കള്‍ക്കും ആ പുല്‍മേടിന്റെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുന്ന കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വന്നത്.

ഈ യാത്രയില്‍ മാസങ്ങള്‍ക്ക് മുന്‍പ് മോനിച്ചനും കൂട്ടുകാരും ഒരുകൂട്ടം വരയാടുകളേയും ഒരു കരിമ്പുലിയേയും കണ്ടിടത്ത് എത്തിയപ്പോള്‍ ആ സ്ഥലം മുമ്പ് എത്തിയ സഞ്ചാരികള്‍ ഉപേക്ഷിച്ചുപോയ ഭക്ഷണപ്പൊതികളും, പ്ലാസ്റ്റിക്കിന്റെ വെള്ളക്കുപ്പിയും, മദ്യക്കുപ്പിയും, പേപ്പറും, എന്നുവേണ്ടാ സകല മാലിന്യങ്ങളുടെയും ഒരു കലവറയായി മാറിയിരുന്നു. പോകുന്ന വഴിയില്‍ വേറെയും. അവിടെ നിന്നാണ് സുഹൃത്തുക്കള്‍ ഈ യാത്ര മാലിന്യ ശേഖരണത്തിനാകട്ടെ എന്ന് നിശ്ചയിച്ചത്.

വീണ്ടും അവര്‍ താഴേക്ക് വന്ന് ആവശ്യമുള്ള ചാക്കുകളുമായി മലകയറി. നെറുകയില്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം തിരികെ ഇറങ്ങിത്തുടങ്ങിയപ്പോള്‍ മാലിന്യങ്ങളും ചാക്കിലാക്കി തുടങ്ങി. ചൊക്രമുടിയുടെ മുകളില്‍നിന്നും അടിവാരത്തെത്തുമ്പോഴേക്കും ഇവരുടെ കൈവശമുണ്ടായിരുന്ന ചാക്കുകള്‍ നിറഞ്ഞിരുന്നു. ചാക്കില്‍ വാരിക്കൂട്ടിയ മാലിന്യങ്ങള്‍ പഞ്ചായത്ത് ഓഫീസിലോ, ഫോറെസ്റ്റ് ഓഫീസിലോ കൊണ്ടുപോയി കൊടുക്കണമെന്നുണ്ടായിരുന്നു വെങ്കിലും ചങ്ങാതിമാരുടെ ചെറിയ കാറില്‍ അതുംകൂടി കയറ്റാനുള്ള സ്ഥലമില്ലായിരുന്നു.

Monichanപക്ഷേ മാലിന്യം ചാക്കുകളിലാക്കി മുന്നാറിലെ ദേവികുളം പഞ്ചായത്തിന്റെ സൂചനാ ബോര്‍ഡിനു മുന്നില്‍ കൊണ്ടുവച്ച് അധികൃതരെ അറിയിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ഭാഗത്തു നിന്നും അത് എടുത്തുകൊണ്ടുപോകാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം.

ചൊക്രമുടിയിലെ ഭൂരിഭാഗം കുറിഞ്ഞിച്ചെടികളും ആളുകള്‍ പറിച്ചോണ്ട് പോയി. മാത്രമല്ല ഇനിയും പറിക്കാന്‍ ആളുകള്‍ കൂട്ടമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ അധികൃതരായി കാക്കിയിട്ട ഒരാളെയും ആ പരിസരത്ത് കാണാനില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴത്തെ ആരവങ്ങളൊക്കെ ഒഴിഞ്ഞ ശേഷം ഈ ഐവര്‍ സംഘം വീണ്ടും ചൊക്കനിലേക്ക് പോകുന്നുണ്ട്… എപ്പോള്‍ ചെന്നാലും കാഴ്ചകളുടെ വൈവിധ്യമൊരുക്കിത്തന്ന് ഹൃദയപൂര്‍വ്വം വരവേല്‍ക്കുന്ന ചൊക്രമുടി വൃത്തിയാക്കാന്‍.