അനാശാസ്യം ആരോപിച്ച് കോഴിക്കോട്ടെ റെസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു

single-img
24 October 2014

Yuvamorchaയുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ അവസരം നല്‍കുന്നുവെന്ന്ആരോപിച്ച് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തിലെ ഡൗണ്‍ ടൗണ്‍ റെസ്‌റ്റോറന്റ് തല്ലി തകര്‍ത്തു. ഒരു സ്വകാര്യ ചാനല്‍ ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം.

പയ്യോളി മണിയോത്ത് വീട്ടില്‍ ബാസില്‍ മൂസ, സഹോദരന്‍ ബെന്‍സില്‍ മൂസ തുടങ്ങി അഞ്ച് പേരുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് നാലാം ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റിന് നേരെ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രകടനമായെത്തി അടിച്ചുതകര്‍ത്തത്.

സ്ഥാപനത്തിലെ ഫര്‍ണീച്ചറുകളും ചില്ല് വാതിലും എല്‍.ഇ.ഡി. ടി.വി. യും പിന്‍വശത്തെ പാര്‍ക്കിങ്ങിനോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളും തകര്‍ത്തു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി റസ്‌റ്റോറന്റ് ഉടമകള്‍ പറഞ്ഞു.
കട ഉടമകളുടെ പരാതിയെ തുടര്‍ന്ന് വെള്ളയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സദാചാര പോലീസ് ചമഞ്ഞ് അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ആവശ്യപ്പെട്ടു.

ചാനല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും റസ്‌റ്റോറന്റ് മാനേജിങ് ഡയറക്ടര്‍ ബാസില്‍ മൂസ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സുതാര്യമാണ്. സ്ഥാപനത്തില്‍ എത്തുന്നവരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കാന്‍ സി.സി. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.