പിതാവിന്റ അവിഹിത ബന്ധത്തിന് തടസ്സം നിന്ന 14കാരിയെ പിതാവും കാമുകിയും പാരാസെറ്റമോള്‍ കലക്കി നല്‍കി കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തി

single-img
23 October 2014

Penപിതാവിന്റെ അവിഹിതബന്ധത്തിനു തടസം നിന്ന മകളെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവിനേയും കാമുകിയേയും പോലീസ് അറസ്റ്റ്‌ചെയ്തു. കൊലയ്ക്കു കൂട്ടുനിന്നതിന്റെ പേരില്‍ കാമുകിയുടെ മകനെയും പെണ്‍കുട്ടിയുടെ സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊറത്തിശേരി പള്ളിക്കാട് റോഡ് പള്ളന്‍ വീട്ടില്‍ ബെന്നി(42), കാമുകി മലപ്പുറം തിരൂര്‍ പരിയാപുരം പരേതനായ കുറ്റിക്കാട്ടില്‍ ശേഖരന്റെ ഭാര്യ വിനിത(38) എന്നിവരെയാണ് ബെന്നിയുടെ മകളും പതിനാലുകാരിയുമായ ഫെമിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

ബെന്നിയും മുരിങ്ങൂര്‍ സ്വദേശിനി ജൂലിയുമായുള്ള വിവാഹത്തില്‍ ഫെമിയും 12 വയസുള്ള ആണ്‍കുട്ടിയുമാണുള്ളത്. ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടു വര്‍ഷമായി ബെന്നിയും ജൂലിയും വേര്‍പിരിഞ്ഞാണു താമസം. ബെന്നിയും മക്കളും പൊറത്തിശേരിയിലുള്ള ബെന്നിയുടെ വീട്ടിലും ജൂലി മുരിങ്ങൂരുള്ള സ്വന്തം വീട്ടിലുമായിരുന്നു. ഇവരുടെ വിവാഹമോചനം സംബന്ധിച്ച കേസില്‍ ബെന്നി പലപ്പോഴും കോടതിയില്‍ ഹാജരാകാറില്ലായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 20നു കേസ് നടക്കുമ്പോള്‍ ബെന്നി ഹാജരാകാത്തതിനെ തുടര്‍ന്നു ജൂലി ബെന്നിയെയും മക്കളെയും കാണാനില്ലെന്നു കാണിച്ചു ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരുടെ ഫോട്ടോ വച്ചു പോലീസ് പത്രത്തില്‍ പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചമ്രവട്ടം എന്ന സ്ഥലത്തുണെ്ടന്നു വിവരം പോലീസിന് കിട്ടിയിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് ഇവരെ കണെ്ടത്തി ചോദ്യംചെയ്തപ്പോഴാണു മകളെകൊന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

കാമുകിയോടൊപ്പം താമസിക്കാന്‍ മക്കളെയും കൂട്ടിക്കൊണ്ടുപോയ ബെന്നി വിനിതയ്ക്കും അവരുടെ 16 വയസ്സായ മകനുമൊപ്പം ചമ്രവട്ടത്തുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. പക്ഷേ ബെന്നിയുടെ വിനീതയുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്ത ഫെമി അമ്മ ജൂലിയ്‌ക്കൊപ്പം പോകണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് പിതാവും കാമുകിയും കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

കൊലപാതകം ആസൂത്രണം ചെയ്തശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ഒരാഴ്ചമുമ്പുതന്നെ കുട്ടിയുടെ മുടി വടിച്ചുകളഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു തീരുമാനം. അതിനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നു ബീച്ച് കാണാനെന്ന വ്യാജേന എല്ലാവരും ചേര്‍ന്നു പോയിരുന്നു. പക്ഷേ ബീച്ചില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നതിനാല്‍ അപ്പോള്‍ കൃത്യം നടത്താന്‍ കഴിഞ്ഞില്ല.

തിരിച്ചു വരുന്ന വഴി പാരസെറ്റമോള്‍ ഗുളികകള്‍ ബെന്നി മെഡിക്കല്‍ ഷോപ്പില്‍നിന്നു വാങ്ങി പൊടിച്ചു കലക്കി ഫെമിക്കു നല്‍കുകയായിരുന്നു. അതിന്റെ ക്ഷീണത്തില്‍ മയങ്ങിയ കുട്ടിയെ ബീച്ചിനടുത്തു നാലാംനമ്പര്‍ ഗേറ്റിനടുത്തുള്ള അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ വരാന്തയില്‍ കൊണ്ടുകിടത്തി. ബെന്നിയുടെ 12 വയസായ മകനെ കാവല്‍ നിര്‍ത്തിയശേഷം ഫെമിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. മരണവെപ്രാളത്തില്‍ കുതറിയ കുട്ടിയുടെ കൈകാലുകള്‍ പിടിച്ചുകൊടുത്തതു വിനിതയും മകനും കൂടിയാണ്.

ഫെമിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു മൃതദേഹം കൊണ്ടുപോകുമ്പോള്‍ അതുവഴി വന്ന ഒരാള്‍ കാര്യമന്വേഷിച്ചപ്പോള്‍ പനികൂടി തലചുറ്റി വീണ് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നാണ് പറഞ്ഞത്. ഫെമിയുടെ ട്രാക്കിലുപേക്ഷിച്ച മൃതദേഹം ട്രെയിന്‍ കയറി വികൃതമായിപ്പോയിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഈ മരണം അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാറിന്റെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസും സിഐ ആര്‍. മധുവും സംഘവുമാണു പ്രതികളെ അറസ്റ്റ്‌ചെയ്തത്. മപാലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകം അടുത്തിടെ കണ്ട ഒരു സിനിമയുടെ പ്രചോദനത്തിലായിരുന്നെന്നും പ്രതികള്‍ പറഞ്ഞു.