സിയാചിനിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആശംസകള്‍ നേർന്നു

single-img
23 October 2014

siechineശ്രീനഗര്‍: സിയാചിന്‍ മഞ്ഞുമലയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേർന്നു. ‘സിയാചിനിലെ മഞ്ഞുപുതച്ച ഉയരങ്ങളില്‍ നിന്ന്, ധീരജവാന്മാര്‍ക്കൊപ്പം ദീപാവലി ആശംസകള്‍ നേരുന്നു’വെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.

‘രാജ്യം ദീപാവലി ആഘോഷിക്കുന്നത് സൈനികരുടെ ത്യാഗവും സേവന മനോഭാവവും കാരണെന്നും ദീപാവലി  സൈനികര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഒരു പ്രധാനമന്ത്രിക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും നരേന്ദ്ര മോദി ദീപാവലി ആശംസകള്‍ നേര്‍ന്നു.

അതേസമയം പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. രാംഘട്ടിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. ബി.എസ്.എഫുകാര്‍ തിരിച്ചും വെടിവെച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ദീപാവലി പ്രമാണിച്ച് അട്ടാരിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മധുരം കൈമാറുന്ന പതിവ് ഇത്തവണ ഒഴിവാക്കാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സൈന്യത്തിന്റെ തീരുമാനം.

വൈകുന്നേരം അഞ്ചിന് ശ്രീനഗര്‍ വിമാനത്താവളത്തിലെത്തുന്ന മോദി അവിടെവച്ച് വാര്‍ത്താസമ്മേളനം നടത്തും. ജമ്മു കാശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. പ്രളയബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി കൂടുതല്‍ ദുരിതാശ്വാസസഹായം പ്രഖ്യാപിക്കുമെന്നാണ് പ്രാദേശിക ബി.ജെ.പി. നേതാക്കളുടെ പ്രതീക്ഷ.

സന്ദര്‍ശനത്തിനെതിരെ വിഘടനവാദികള്‍ സമരം ആഹ്വാനംചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചത്.

എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ബി.ജെ.പി.ഇതരകക്ഷികള്‍ സംശയത്തോടെയാണ് കാണുന്നത്. അധികാരമേറ്റശേഷം മോദിയുടെ നാലാമത്തെ കശ്മീര്‍ സന്ദര്‍ശനമാണിത്.