ബി.ജെ.പി പരിപാടിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഇറക്കിവിട്ടു

single-img
21 October 2014

Asianetഇന്ന് തൃശൂരില്‍ നടന്ന പരിപാടിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും ബി.ജെ.പി പരിപാടിയില്‍ നിന്നും ഇറക്കിവിട്ടു. ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച അടിയന്തിരാവസ്ഥ കാലത്ത് പീഡനങ്ങള്‍ അനുഭവിച്ചവരുടെ സംഗമത്തില്‍ നിന്നാണ് ഏഷ്യാനെറ്റ് സംഘത്തെ ഇറക്കി വിട്ടത്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ പത്രങ്ങളുടേയും ചാനലുകളുടേയും പ്രതിനിധികള്‍ എത്തിയിരുന്നു. ഇവരില്‍ നിന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വിളിച്ച് മാറ്റി നിര്‍ത്തിയ ശേഷം സംഘാടകര്‍ ഹാളിന് വെളിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഏഷ്യാനെറ്റിന്റെ തൃശൂര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ ദീപാ മഠത്തിലിനോടാണ് ഒരു ജില്ലാ ഭാരവാഹി വി.മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് അറിയിച്ച് വിവരം ധരിപ്പിച്ചത്. അവര്‍ ബി.ജെ.പി ജില്ലാ സെക്രട്ടറിയെ വിളിച്ചപ്പോള്‍ അദ്ദേഹവും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. അഖിലേന്ത്യാ തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരായ ബഹിഷ്‌കരണം വ്യാപിപ്പിക്കാനാണ് ബി.ജെ.പി തീരുമാനമെന്നും പറയപ്പെടുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയും വിധം നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് കോട്ടയത്ത് നടന്ന ബി.ജെ.പി സംസ്ഥാനക്കമ്മറ്റി യോഗം ചാനലിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്.