വാതം പിടിച്ച് തളര്‍ന്ന അമ്മയുടെ കയ്യും പിടിച്ച് വനിതാ കമ്മീഷന്റെ വളര്‍ത്തുപുത്രിയായി വന്നു കയറിയ രാജിമോള്‍ ഇനി അനാഥയല്ല; വളര്‍ത്തമ്മയായ വനിതാ കമ്മീഷന്‍ രാജിമോളുടെ എടുത്തുകൊടുത്ത കൈ പിടിച്ച് ഒപ്പം നടത്തിക്കാന്‍ ഇനി ബെന്‍സിലാലുണ്ട്

single-img
21 October 2014

Rajimolമനസമ്മതത്തിനായി ദത്തുപുത്രിയുടെ കൈപിടിച്ചു പള്ളിയിലേക്ക് എത്തിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഒരമ്മയുടെ കടമ നിറവേറ്റി. വളര്‍ത്തുപുത്രിയുടെ മനസമ്മതത്തിനു ക്ഷണിച്ചുകൊണ്ടുള്ള കത്ത് എല്ലാവര്‍ക്കും അയച്ചതും വനിതാ കമ്മീഷന്‍ അധ്യക്ഷതന്നെ. ഹരിപ്പാട് താമല്ലാക്കല്‍ ലാല്‍ഭവനില്‍ ബെന്‍സിലാല്‍ തിരുവനന്തപുരം വനിതാ കമ്മീഷന്റെ ഷോര്‍ട്ട് സ്റ്റേഹോമിലെ അന്തേവാസിയായ രാജിമോളെ തന്റെ ജീവിതസഖിയാക്കി മാറ്റുകയാണെന്ന് ഉറപ്പിച്ചപ്പോള്‍ അത് വനിതാകമ്മീഷന് ഒരു ചരിത്രനിയോഗമായിരുന്നു.

രണ്ട് സഹോദരിമാരുടെ കല്യാണം ആഡംബരമായി നടത്തിയെങ്കിലും സ്ത്രീധനം വാങ്ങാതെയുള്ള കല്യാണമെന്നത് എന്റെ തീരുമാനമായിരുന്നു: ബെന്‍സിലാല്‍ പറയുന്നു. ഹരിപ്പാട് സ്വദേശിയായ ബെന്‍സിലാല്‍ ഇപ്പോള്‍ ബാംഗളൂരില്‍ പ്ലംബിംഗ് കരാര്‍ ഏറ്റെടുത്തു നടത്തുകയാണ്. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കണമെന്നായിരുന്നു തീരുമാനം. ഈ അന്വേഷണത്തിനൊടുവിലാണു വനിതാ കമ്മീഷന്‍ ഷോര്‍ട്ട് സ്റ്റേഹോമിലെ രാജിയെക്കുറിച്ച് അറിയുന്നത്. രാജിയുടെ ദുരിതകഥകള്‍ അറിഞ്ഞപ്പോള്‍ രാജിയെ തന്റെ ജീവിതസഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബെന്‍സിലാല്‍.

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെയും മറ്റംഗങ്ങളുടേ യും നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ രാജിമോള്‍ ബസലിക്കയിലെത്തി. വരന്‍ ബെന്‍സിലാലും സംഘവും ഹരിപ്പാട്ടുനിന്നുമെത്തിയത് 12 മണിയോടെ. 12.15 ന് ബസ ലിക്കാ റെക്ടര്‍ ഫാ. ശാന്തന്‍ ചരുവിലിന്റെ കാര്‍മികത്വത്തിലാണു മനസമ്മതകര്‍മങ്ങള്‍ ആരംഭിച്ചു. സമൂഹ ത്തിലെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 10നു കാര്‍ത്തികപ്പള്ളി സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലാണു വിവാഹം.

കോട്ടയം സ്വദേശിനിയായ രാജി ആറു വര്‍ഷം മുമ്പാണ് വനിതാ കമ്മീഷന്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെത്തിയത്. അമ്മ ശരീരം തളര്‍ന്ന നിലയില്‍ ചങ്ങനാശേരിയില്‍ ഒരു മഠത്തിലാണ്. വാതം കാരണം തളര്‍ന്ന അമ്മയോടൊപ്പം ഒന്‍പതാം ക്ലാസുകാരി രാജിമോളെ നാട്ടുകാരാണ് കോട്ടയം വനിതാക്കമ്മീഷന്റെ കോട്ടയം ജില്ലാ അദാലത്തില്‍ എത്തിച്ചത്. അച്ഛന്‍ ഉപേക്ഷിച്ചു പോയ രാജിമോളെ അന്നത്തെ കമ്മീഷനംഗം പി.കെ. സൈനബ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ ജൂണിലായിരുന്നു പെണ്ണുകാണല്‍. തുടര്‍ന്നു ബെന്‍സിലാലിന്റെ മാതാപിതാക്കളുമെത്തി രാജിയെ നേരില്‍ കണ്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു. വിവാഹശേഷം രാജിയേയും ബാംഗളൂരിലേക്ക് കൊണ്ടുപോകാനാണു ബെന്‍സിലാലിന്റെ തീരുമാനം. ബെന്‍സിലാലിന്റെ മാതാപിതാക്കളായ മേരിക്കുട്ടിയും കെ.എസ്. ബേബിയും ബന്ധുക്കളും മനസമ്മത ചടങ്ങി നെത്തിയിരുന്നു.