കളഞ്ഞുകിട്ടിയ നാലു പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് സതീശന്‍ മാതൃകയായി; കടമ ചെയ്യുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന് പറഞ്ഞ് യുവതി നല്‍കിയ പാരിതോഷികം സതീശന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു

single-img
20 October 2014

N5007കളഞ്ഞുകിട്ടിയ നാലു പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ സതീശന്‍ മാതൃകയായി. തളങ്കര ഖാസിലൈന്‍ സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവറായ പുലിക്കുന്ന് സ്വദേശി സതീശന്‍(40) തിരിച്ചു നല്‍കിയത്.

ശനിയാഴ്ച വൈകുന്നേരം ജനറല്‍ ആശുപത്രിയ്ക്കടുത്ത സപ്ലൈക്കോയില്‍ സാധനങ്ങല്‍ വാങ്ങാനെത്തിയ യുവതി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് അനേആഷണം നടത്തിയെങ്കിലും മാല കിട്ടിയില്ല. ശേഷം ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പക്ഷേ അപ്പോഴേക്കും തനിക്കു നഗരത്തില്‍ നിന്നു മാല കളഞ്ഞു കിട്ടിയ കാര്യം സതീശന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. പിന്നീട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് എസ്‌ഐയുടെ സാന്നിധ്യത്തില്‍ മാല യുവതിയെ ഏല്‍പിക്കുകയായിരുന്നു.

യുവതി സന്തോഷപൂര്‍വ്വം വച്ചു നീട്ടിയ പാരിതോഷികം സതീശന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. താന്‍ തന്റെ കടമയാണ് ചെയ്തതെന്നും അതിന് പ്രതിഫലം ആവശ്യമില്ലെന്നും സതീശന്‍ അറിയിക്കുകയായിരുന്നു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയ്ക്കു മുന്നിലാണ് സതീശന്റെ ഓട്ടോ പാര്‍ക്കു ചെയ്യുന്നത്.