കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ വെച്ച് യുവതിയെ തീകത്തിച്ച് കൊല്ലാന്‍ ശ്രമിച്ചു

single-img
20 October 2014

trainകണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവെച്ചുകൊല്ലാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 4.40 ഓടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(41)യാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനില്‍ പോകാനെത്തിയ ഫാത്തിമയെ ബോഗിക്കുള്ളില്‍ വെച്ച്  യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സംഭവ സമയത്ത് ഈ ബോഗിയില്‍ മറ്റ് യാത്രക്കാരാരും ഉണ്ടായിരുന്നില്ല.

40 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

ദേഹമാസകലം തീപടര്‍ന്ന സ്ത്രീ കംപാര്‍ട്ട്മന്റില്‍നിന്ന് പുറത്തേക്കിറങ്ങി ഓടിവരുന്നതാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ കണ്ടത്. കൃത്യം നടത്തിയെന്ന് കരുതുന്ന യുവാവും ട്രെയിനില്‍നിന്ന് ഇറങ്ങിയോടി. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ആര്‍.പി.എഫും ലോക്കല്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്.

യുവതി ഇരുന്ന സീറ്റ് ഭാഗികമായി കത്തിക്കരിഞ്ഞതിനെ തുടർന്ന് അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍, സംഭവം നടന്ന ബോഗി വേര്‍പെടുത്തിയ ശേഷം 5.45 ഓടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.

ഫാത്തിമയുടെ മൊഴി എടുത്ത ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.