സംസ്‌ഥാനത്തു വര്‍ഷംതോറും വൈദ്യുതി മോഷണം വര്‍ധിച്ചുവരികയാണെന്നു ഋഷിരാജ്‌ സിംഗ്‌

single-img
18 October 2014

rസംസ്‌ഥാനത്തു വര്‍ഷംതോറും വൈദ്യുതി മോഷണം വര്‍ധിച്ചുവരികയാണെന്നു കെ.എസ്‌.ഇ.ബി. ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിംഗ്‌. മോഷണം നടത്തുന്നവരില്‍ 99 ശതമാനവും സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ളവരാണെന്നു അദ്ദേഹം പറഞ്ഞു.

 
മോഷണം നടത്തുവര്‍ക്കു പിഴകൂടാതെ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന വകുപ്പുകളില്‍ കേസെടുക്കും. കെ.എസ്‌.ഇ.ബി. ജീവനക്കാര്‍ക്കു പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും സാമഗ്രികളും പത്തു ദിവസത്തിനകം ലഭ്യമാക്കും. ഭരണ തലത്തില്‍നിന്ന്‌ എതിര്‍പ്പുകള്‍ വന്നാലും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

 
ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 15 വരെ നടത്തിയ 4067 പരിശോധനകളില്‍നിന്നു 142 വൈദ്യുതി മോഷണവും 409 ക്രമക്കേടുകളും കണ്ടെത്തി 5.9 കോടി രൂപയുടെ പിഴ ചുമത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി ആയിരം കോടി രൂപയോളം രൂപ കുടിശിക ഇനത്തില്‍ കെ.എസ്‌.ഇ.ബിക്കു ലഭിക്കാനുണ്ട്‌. ഇതില്‍ 600 കോടി രൂപ കേരള വാട്ടര്‍ അഥോറിട്ടിയില്‍ നിന്നാണ്‌. 400 കോടി രൂപ കേസുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. അഡ്വക്കേറ്റ്‌ ജനറലുമായി ചര്‍ച്ച നടത്തി ഈ തുക തിരിച്ചു പിടിക്കാനുള്ള നടപടി സ്വീകരിക്കും.