മുഖ്യമന്ത്രി വാക്കുപാലിച്ചു; ഇറാക്കില്‍ നിന്നും തിരിച്ചു വന്ന 15 നഴ്‌സുമാര്‍ വിതുമ്പലോടെ മുഖ്യമന്ത്രിയില്‍ നിന്നും യു.എ.ഇ വിസ ഏറ്റുവാങ്ങി

single-img
18 October 2014

VIsa

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റും വീസയും ഏറ്റുവാങ്ങിയപ്പോള്‍ കൈവിട്ടുപോയ ജീവിതം തിരിച്ചു പിടിച്ച സന്തോഷത്താല്‍ വിതുമ്പുകയായിരുന്നു അവര്‍. ഇറാക്കില്‍ നിന്നും ഐ.എസ് ഭീകരരുടെ ആക്രമണഫലമായി നാട്ടിലേക്ക് മടങ്ങിയ നഴ്‌സുമാരില്‍ 15 പേരാണ് ഇന്നലെ മുഖ്യമന്ത്രിയില്‍ നിന്നും പുതുജീവിതത്തിന്റെ താക്കോലുകള്‍ ഏറ്റുവാങ്ങിയത്.

ഇറാക്കിലെ തിക്രിത്തില്‍ നിന്നു മടങ്ങിയെത്തിയ 15 നഴ്‌സുമാര്‍ക്കാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം കിട്ടിയത്. ഇവര്‍ക്ക് പുറമേ എട്ടു പേര്‍ക്കു കൂടി ഉടന്‍ ജോലി ശരിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇറാക്കില്‍ നിന്നും ലിബിയയില്‍ നിന്നും മടങ്ങി വന്ന നഴ്‌സുമാര്‍ക്ക് വിദേശത്ത് ജോലി ശരിയാക്കാന്‍ 25ന് സംസ്ഥാനത്തെ ആശുപത്രികളുടെ സിഇഒമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്കുള്ള ശമ്പള കുടിശിക എത്രയും വേഗം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയും എന്‍എംസി ഹെല്‍ത്ത് കെയറും നോര്‍ക്കയും സംയുക്തമായാണു നഴ്‌സുമാര്‍ക്ക് ജോലി ശരിയാക്കിയത്. ഇതിനാവശ്യമായ രേഖകളെല്ലാം ഒന്നര മാസം കൊണ്ട് നോര്‍ക്ക തയാറാക്കി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാക്കി 400 നഴ്‌സുമാര്‍ക്കും വിദേശത്ത് ജോലി തേടുന്നതിനായി അവിടുത്തെ പരീക്ഷകള്‍ എഴുതാനും സര്‍ട്ടിഫിക്കറ്റ് ശരിയാക്കാനുമുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലെന്‍സ് പരിശീലനം നല്കുമെന്ന് കെഇഎസ്ഇ എഡ്യുക്കേഷന്‍ അഡൈ്വസര്‍ രജനിഷ് പറഞ്ഞു.

അല്‍ഐനിലെ അല്‍ സാനിയ മെഡിക്കല്‍ സെന്ററില്‍ 10 പേര്‍ക്കും അബുദാബിയിലെ എന്‍എംസി സ്‌പെഷാലിറ്റി ആശുപത്രിയില്‍ അഞ്ചു പേര്‍ക്കുമാണ് ജോലി ലഭ്യമാകുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജോലി സ്ഥിരമാകണമെങ്കില്‍ അവിടെയെത്തി ഒരു പരീക്ഷകൂടി പാസാകേണ്ടതുള്ളതിനാല്‍ ഇന്ന് അബുദാബിയില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് താമസ സൗകര്യ വും പരീക്ഷ പാസാകുന്നതുവരെ താത്കാലിക ജോലിയും ഒരുക്കിയിട്ടുണ്ട്.