പാരമ്പര്യമായി കിട്ടിയ കോടികളുടെ സ്വത്ത് എസ്.എം.എസിലൂടെ മലയാളികള്‍ക്ക് വീതിച്ചു നല്‍കുന്ന ആ ആഫ്രിക്കന്‍ പൗരന്‍ കേരളപോലീസിന്റെ പിടിയില്‍

single-img
18 October 2014

smscrime-620x330അനാഥനായ തനിക്ക് തലമുറയായി കൈമാറിക്കിട്ടിയ സ്വത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലൂടെ മാറിയെടുക്കുകയാണെങ്കില്‍ കോടികള്‍ സമ്മാനമായി നല്‍കാമെന്നും ആലതിലേക്ക് അക്കൗണ്ട് വിവരങ്ങള്‍ അയച്ചു തരണമെന്നും ആവശ്യപ്പെട്ട് എസ്.എം.എസുകളും മെയിലുകളും അയക്കുന്ന ആഫ്രിക്കന്‍ പൗരന്‍ കേരള പോലീസിന്റെ പിടിയിലായി.

ഐവറി കോസ്റ്റ് പൗരന്‍ മുപ്പത്തിരണ്ടുകാരനായ സബാലി റോളന്റിനെയാണ് മലപ്പുറം പോലീസ് കുടുക്കിയത്. എസ്എംഎസ് വഴി 5.25 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് കമ്മിഷന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് അറസ്റ്റ്. അനന്തരാവകാശികളില്ലാത്ത അമേരിക്കന്‍ പൗരന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച സ്വത്താണെന്നു പറഞ്ഞ് കോടികളുടെ ഡോളര്‍ വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ മലപ്പുറം അരീക്കോട് സ്വദേശിയില്‍ നിന്നു തട്ടിയെടുക്കുകയായിരുന്നു.

കോടികളുടെ ഡോളര്‍ തരാമെന്നു പറഞ്ഞ് ഫോണിലേക്കു വന്ന എസ്എംഎസിലൂടെയാണു തട്ടിപ്പിന്റെ തുടക്കം. മലപ്പുറം സ്വദേശി ഇതിനോടു പ്രതികരിച്ച് പേരും വിലാസവും മറ്റും നല്‍കി. കസ്റ്റംസ് നികുതി ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി അഞ്ചുലക്ഷം രൂപ വേണമെന്നു മറുപടി വന്നു. ഇതു ഡല്‍ഹിയിലെത്തി കൈമാറി. പകരം, 1.75 ബില്യണ്‍ ഡോളര്‍ അടങ്ങിയതെന്നു പറഞ്ഞ് ഡിജിറ്റല്‍ ലോക്കുള്ള ചെറിയ ലോക്കര്‍ നല്‍കി. സാംപിളായി ഡോളര്‍ കറന്‍സിയുടെ ഒരു കെട്ടും കൊടുത്തു. കെട്ടിന്റെ രണ്ടറ്റത്തും നോട്ടുകളും ഇടയില്‍ വെള്ളക്കടലാസുമാണെന്നും വെള്ളക്കടലാസുകള്‍ പ്രത്യേക രാസലായനിയില്‍ മുക്കിയാല്‍ നോട്ടുകളുടെ യഥാര്‍ഥ നിറം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. രാസലായനിയും പെട്ടിതുറക്കാനുള്ള രഹസ്യകോഡും 1.75 ബില്യണ്‍ ഡോളര്‍ വീതമുള്ള മറ്റു രണ്ടു പെട്ടികളും ലഭിക്കാന്‍ 60 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

നാട്ടിലെത്തിയ യുവാവിന് കൂട്ടുകാരുടെ പ്രേരണയാല്‍ ലോക്കര്‍ പൊളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരിശോധനയില്‍ കടലാസ് കെട്ടുകളുടെ രണ്ട് അറ്റങ്ങളിലുമുണ്ടായിരുന്നത് കള്ളനോട്ടാണെന്നു തെളിഞ്ഞു. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ താമസിച്ചിരുന്ന സബാലി റോളന്റിനോട് ബാക്കി പണം വാങ്ങാന്‍ മലപ്പുറത്തേക്കു വരാന്‍ യുവാവ് ആവശ്യപ്പെട്ടു. കരിപ്പൂരില്‍ വിമാനമിറങ്ങി മലപ്പുറത്തെ ഹോട്ടലിലെത്തിയ ഇയാളെ പൊലീസ് സംഘം പിടികൂടുകയും ചെയ്തു.