മോഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കള്ളന്‍മാര്‍ കത്തെഴുതി വെച്ച് മോഷണം നടത്തി

single-img
17 October 2014

Thiefപോലീസുകാര്‍ക്ക് എല്ലാ ആഴ്ച അവസാനത്തിലും നല്‍കിവരുന്ന കൈക്കൂലി കണ്ടെത്താന്‍ മോഷണം നടത്താന്‍ പോലീസുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കള്ളന്മാര്‍ കത്തെഴുതിവെച്ച് ഒരു പലചരക്ക് കടയില്‍ മോഷണം നടത്തി. മദ്ധ്യപ്രദേശിലെ നൗറോസാബാദ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് കള്ളന്‍മാര്‍ കത്തിലൂടെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതുകൊണ്ടും തീര്‍ന്നില്ല, ഇനിയും പോലീസുകാര്‍ കൈക്കൂലി ചോദിച്ചാല്‍ മോഷണം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 12 ന് നടന്ന മോഷണത്തില്‍ കടയില്‍ നിന്നും 25,000 രൂപയും പലവ്യഞ്ജന വസ്തുക്കളുമാണ് കടയുടമ രാജാ വശ്വാനിയ്ക്ക് നഷ്ടമായത്. മോഷണം അറിഞ്ഞ പോലീസ് വന്ന് പരിശോധന നടത്തിയപ്പോഴാണ് പോലീസുകാര്‍ക്കെതിരേയുള്ള കള്ളന്മാരുടെ കുറിപ്പടി കണ്ടെത്തിയത്. അഴിമതിക്കാരായ
അസി. സബ് ഇന്‍സ്‌പെക്ടര്‍ രമാകാന്ത് പാണ്ഡേ, കോണ്‍സ്റ്റബിള്‍ മാരായ രാഹുല്‍ വിശ്വകര്‍മ്മ, ആകാശ് ദാസ് എന്നീ ഉദ്യോഗസ്ഥരാണ് തങ്ങളെ മോഷണം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കള്ളന്‍മാര്‍ അറിയിച്ചിട്ടുള്ളത്.

മാര്‍ക്കര്‍ പേന ഉപയോഗിച്ച് തടിയില്‍ ഹിന്ദിയില്‍ എഴുതിയ നിലയിലാണ് കുറിപ്പ്. നടത്തിയ മോഷണത്തിന് ക്ഷമാപണം നടത്തിയിട്ടുള്ള കള്ളന്മാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലീസുകാര്‍ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്നും പറഞ്ഞിട്ടുണ്ട്. കള്ളന്മാരുടെ കത്ത് വാര്‍ത്തയായതിന് പിന്നാലെ നഗരത്തില്‍ നടക്കുന്ന പലതരം മോഷണങ്ങള്‍ക്കും കൊള്ളയിലും പോലീസിന് പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ നൗറോസാബാദ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

അതേസമയം പോലീസിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ഗൂഡശ്രമമെന്നാണ് മപാലീസ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.