കുവൈറ്റ് രാജകുമാരന്റെ ആഡംബര നൗക കൊച്ചിയില്‍ അപകടത്തില്‍ പെട്ടു

single-img
16 October 2014

kരഹസ്യ സന്ദര്‍ശനത്തിനെത്തിയ കുവൈറ്റ് രാജകുമാരന്റെ ആഡംബര നൗക കൊച്ചിയില്‍ അപകടത്തില്‍ പെട്ടു. ചെറായി ആറാട്ട് കടവിലാണ് അപകടമുണ്ടായത്. രാജകുമാരനെയും സുഹൃത്തുക്കളെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

 
വേഗത്തില്‍ വന്ന നൗക കായലിലെ മരക്കുറ്റിയിലിടിച്ച് മറിയുകയായിരുന്നു. അടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ നിന്ന് രാജകുമാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

 

അപകടം നടന്ന് അധികം കഴിയും മുന്നേ സ്ഥലത്തേക്ക് ആഡംബര കാറുകള്‍ പാഞ്ഞെത്തിയപ്പോഴാണ് തങ്ങള്‍ രക്ഷപ്പെടുത്തിയത് കുവൈറ്റ് രാജകുമാരനെയാണെന്ന് ഇവര്‍ അറിയുന്നത്. രഹസ്യ സന്ദര്‍ശനമായിരുന്നതിനാല്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് നാട്ടുകാരോട് രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു.

 
കുവൈറ്റില്‍ നിന്ന് ഇറക്കുമതി ചെയ്ത കോടികള്‍ വിലമതിക്കുന്ന ആഡംബര നൗകയാണ് അപകടത്തില്‍ പെട്ടത്. വൈകീട്ടോടെ പ്രത്യേക വിമാനത്തില്‍ രാജകുമാരന്‍ കുവൈറ്റിലേക്ക് പറന്നു.