കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി

single-img
16 October 2014

oകേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിന്റെ പതിനെട്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയുടെ കൈയിൽ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അത് സ്വീകരിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദമാക്കി പ്രഖ്യാപിക്കണമെന്നതാണ് കേരളത്തിന്റെ ഒരു ആവശ്യം. ശബരിമലയുടെ വികസനത്തിനായി കൂടുതൽ സൗകര്യങ്ങൾ അനുവദിക്കണമെന്നും ആവശ്യമാണെങ്കിൽ കൂടുതൽ വനഭൂമി വിട്ടു നൽകണമെന്നും നിവേദനത്തിൽ പറയുന്നു.

 
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം എത്രയും പെട്ടെന്ന് നൽകണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

 

അതേസമയം റബ്ബർ കർഷകർ നേരിടുന്ന വെല്ലുവിളിയെപ്പറ്റിയാണ് പ്രധാനമായും ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 240 രൂപയിലധികം വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോൾ വില 120 രൂപയാണ്.

 
സംസ്ഥാന സർക്കാർ റബ്ബർ തൊഴിലാളികളെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അതു കൊണ്ടും അവരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. റബ്ബർ കർഷകരുടെ സഹായത്തിനായുള്ള നടപടികൾ അടിയന്തരമായി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.