ആന്ധ്രാപ്രദേശിന് ഇടക്കാല സഹായമായി ആയിരം കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
14 October 2014

moiചുഴലിക്കാറ്റ് അടിച്ച ആന്ധ്രാപ്രദേശിന് ഇടക്കാല സഹായമായി ആയിരം കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊടുങ്കാറ്റിനിടെ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.

 

അതേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് വലിയൊരു ദുരന്തത്തിൽ നിന്ന് ആന്ധ്രയെ രക്ഷിച്ചതെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ആന്ധ്രയിലെ പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി കൂടുതൽ സഹായം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കനത്ത മഴയെ തുടർന്ന് തകരാറിലായ വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ പുന:സ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. കൃഷി നശിച്ച കർഷകരുടെ നഷ്ടങ്ങൾ പ്രത്യേകം വിലയിരുത്തി അവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും മോദി അറിയിച്ചു.

 

ഇന്ന് ഉച്ചയോടെയാണ്‌ നരേന്ദ്ര മോദി വിശാഖപട്ടണത്ത്‌ എത്തിയത്‌. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗവർണർ ഇ.എസ്‌.എൽ. നരസിംഹൻ, കേന്ദ്രമന്ത്രിമാരായ എം.വെങ്കയ്യ നായിഡു, അശോക്‌ ഗജപതി രാജു എന്നിവർ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.