രാംഗോപാല്‍ വര്‍മ്മ ചിത്രം ‘ശ്രീദേവി’യുമായി ബന്ധപ്പെട്ട പേരുവിവാദം സജീവമാകുന്നു

single-img
14 October 2014

sരാംഗോപാല്‍ വര്‍മ്മയുടെ പുതിയ തെലുങ്ക് ചിത്രം ‘ശ്രീദേവി’യുമായി ബന്ധപ്പെട്ട പേരുവിവാദം സജീവമാകുന്നു . ചിത്രത്തിന്റെ പേരു മാറ്റണം എന്നാവശ്യപ്പെട്ട് നടി ശ്രീദേവി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാൽ പേരു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി രാംഗോപാല്‍ വര്‍മ്മ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് നിലവിൽ വിവാദം വീണ്ടും സജീവമായത്.

 

അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചതിനാല്‍ ചിത്രത്തിന്റെ പേരു മാറ്റണം, മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം എന്നിവയായിരുന്നു ശ്രീദേവി വക്കീല്‍ നോട്ടീസിൽ ആവശ്യപെട്ടത് . ഒരു പതിനഞ്ചു വയസ്സുകാരന് മുതിര്‍ന്ന സ്ത്രീയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

 
നടി ശ്രീദേവിയോട് തനിക്ക് ചെറുപ്പത്തില്‍ ഭ്രമം തോന്നിയിരുന്നുവെന്ന് വര്‍മ്മ തുറന്നു പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ വര്‍മ്മയ്ക്ക് ശ്രീദേവിയോട് തോന്നിയ ഭ്രമമാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നും പ്രശസ്തയായ നടി എന്ന നിലയില്‍ അത് തനിക്ക് മാനഹാനി സൃഷ്ടിക്കുന്നുവെന്നും ശ്രീദേവി വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു .

 

എന്നാല്‍, പേരു മാറ്റില്ലെന്ന് മറുപടിയില്‍ വര്‍മ്മ വ്യക്തമാക്കി. നിയമപരമായും സദാചാരപരമായും ആ പേര് ഉപയോഗിക്കുന്നതിന് തനിക്ക് അവകാശമുണ്ട്. മുതിര്‍ന്ന ഒരു സ്ത്രീയോട് ഒരു കവുമാരക്കാരന് തോന്നുന്ന പ്രണയമാണ് അതിലെ പ്രമേയം.

 
അത് ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പല വട്ടം വന്ന പ്രമേയങ്ങളാണ്. ശ്രീദേവി എന്ന പേരും പല വട്ടം ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മാത്രം അത് വിവാദമാക്കുന്നത് ശരിയായ കാര്യമല്ല. തന്റെ ചിത്രം ഒരു നടിയുടെ ജീവിതമല്ല പറയുന്നത്. അതിലെ നായകന്‍ സംവിധായകനുമല്ല. ആ നിലയ്ക്ക് ചിത്രം നടി ശ്രീദേവിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതല്ല. ശ്രീദേവി എന്ന പേര് ഇന്ത്യയില്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്.

 

r
അത് ഉപയാഗിക്കുന്നത് നിയമപരമായി തെറ്റല്ല. ശ്രീദേവി എന്ന നടിയെ ഒരു തരത്തിലും ഉദ്ദ്യേശിക്കാത്ത ആ പേര് സിനിമയ്ക്ക് ഇടുന്നത് ധാര്‍മ്മികമായും തെറ്റല്ല. ശ്രീദേവിയെ തല്‍പ്പര കക്ഷികള്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കരുതുന്നു. താന്‍ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയില്‍നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടായത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരണത്തില്‍ പറയുന്നു .

 
നേരത്തെ ചിത്രത്തിന്റെ പേര് സാവിത്രി എന്നായിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് അത് ശ്രീദേവി എന്നാക്കി മാറ്റുകയായിരുന്നു. അതിനെതിരെ ശ്രീദേവി രംഗത്തു വന്നതോടെ പേര് വീണ്ടും വിവാദമാവുകയായിരുന്നു.