ബി.ജെ.പി പാര്‍ട്ടി ഓഫീസില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക നല്‍കാമെന്ന് കേജരിവാള്‍

single-img
14 October 2014

Kejariwalരാജ്യം മുഴുവന്‍ ശുചിത്വ വിളംബരം നല്‍കുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസില്‍ ടോയ്‌ലെറ്റ് നിര്‍മ്മിക്കാന്‍ പണം നല്‍കാമെന്ന് എ.എ.പി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. വനിതകള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ പണ്ഡിറ്റ് പന്ത് മാര്‍ഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന ബി.ജെ.പി ഓഫീസില്‍ തന്റെ എം.എല്‍.എ പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കി ടോയ്‌ലെറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നാണ് കേജ്‌രിവാള്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും തന്റെ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാലാണ് പണം അനുവദിക്കാമെന്ന് പറഞ്ഞതെന്നും കേജരിവാള്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കിയിട്ടുണ്ട്.

ശുചിത്വ സന്ദേശം രാജ്യമെമ്പാടും നല്‍കുന്ന നരേന്ദ്ര മോഡി സ്വന്തം പാര്‍ട്ടി ഓഫീസിലെ സ്ഥിതി മനസ്സിലാക്കിയിട്ടില്ലെന്നും കേജരിവാള്‍ പരിഹസിച്ചു. എന്നാല്‍ കേജ്‌രിവാള്‍ മറ്റു പാര്‍ട്ടികളുടെ കാര്യം ആലോചിക്കാതെ സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ച് ചിന്തിക്കാന്‍ ബി.ജെ.പി മീഡിയ കോ-കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.