ഹൃദയപൂർവ്വം പ്രേംകുമാർ

single-img
14 October 2014

Prem Kumar copymala-kriഈയിടയായി കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ കഥകളാണ് വാർത്തകളിൽ നിറയുന്നത്. അതിൽ ചിലതിലൊക്കെ കുട്ടികൾക്ക് മാതൃകയാകേണ്ട, കുട്ടികളുടെ സംരക്ഷകരാകേണ്ട അദ്ധ്യാപകരാണ് പ്രതിസ്ഥാനത്ത് എന്നുള്ളത് എന്നെ ശരിക്കും ഉത്കണ്ഠകുലാനാക്കുന്നു. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന രണ്ട് പേർക്ക് നോബൽ സമ്മാനം ലഭിച്ച ഈ നാളുകളിൽ. എന്റെ ഉത്കണ്ഠക്ക് കൂടുതൽ പ്രസക്തിയുണ്ട്. കുട്ടിയെ പട്ടികൂട്ടിൽ അടച്ച പ്രധാന അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു, സഹായിയായ അദ്ധ്യപിക ഒളിവിൽ, മൂന്ന് വയസ്സുകരിയെ മൃഗീയമായി മർദ്ദിച്ച ടീച്ചർ പോലീസ് കസ്റ്റഡിയിൽ… വർത്തകൾ വന്നു കൊണ്ടേ യിരിക്കുന്നു. ചാനലുകൾ, പത്രങ്ങൾ ഗംഭീരമായി ആഘോഷിക്കുന്നു. ചാനൽ ഫ്രെയിമുകളിൽ അപരാധിയെ പോലെ അപമാന ഭാരത്താൽ മുഖം കുനിച്ച് കൂടിനിന്നവരുടെ കൂക്ക് വിളിയേറ്റ് നടന്ന് നീങ്ങുന്നത്-കൊടുംകുറ്റവാളിയെ പോലെ പോലീസ് കൊണ്ട് പോകുന്നത് ഒരദ്ധ്യാപികയെയാണല്ലോ എന്നു ഓർത്തപ്പോൾ മനസ്സ് വല്ലതെ വേദനിച്ചു. എങ്ങനെയാണ് അദ്ധ്യപകർക്ക് ഇങ്ങനെ ആകാൻ പറ്റുന്നത്?. വാർത്തകൾ സത്യമായിരിക്കുമോ? വിശ്വസിക്കാൻ ആകുന്നില്ല!

 

21281-dog-cage-kennel-house-1ഒരു ദു:സ്വപ്നം പോലെ ചാനൽ ദൃശ്യങ്ങൾ പിന്നെയും എന്നെ വേട്ടയാടുന്നു ഈച്ചയും ചെള്ളും നിറഞ്ഞ ഇത്തിരി ഇടമുള്ള ഇടുങ്ങിയ ഒരു പട്ടിക്കൂടിന്റെ ദുർഗന്ധത്തിൽ നിന്നും ഒരു പിഞ്ച് കുഞ്ഞിന്റെ നിർത്തതെയുള്ള കരച്ചിൽ… ദേഹമാസകലം ചോരക്കറയുള്ള മുറിപ്പാടുകളുമായി വേറൊരു കുഞ്ഞിന്റെ വേദന അമർത്താനാകാതെയുള്ള നിലവിളി… ഞാൻ എന്റെ കുഞ്ഞിനെ ഓർത്തു നെഞ്ചോട് ചേർത്ത് നൂറുമ്മ നൽകി സ്കൂളിലേക്ക് വിട്ട എന്റെ പൊന്നു മോളെ!! ഉള്ളൊന്നു പിടഞ്ഞു.

 

അദ്ധ്യാപകർ എന്നു കേൾക്കുമ്പോൾ സ്നേഹവും ബഹുമാനവും ആദരവും ആരാധനയും ഒക്കെ ചേർന്ന് എന്റെയൊക്കെ മനസ്സിൽ ഉണ്ടാകുന്ന ആ വികാരം അത് എത്ര തീവ്രമാണ്, വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും എത്രയോ അപ്പുറമാണ്. എങ്ങെനെയാണ് ഞങ്ങളുടെ അദ്ധ്യാപകർ എനിക്കും എന്റെ കൂട്ടുകാർക്കുമൊക്കെ കാണപ്പെട്ട ദൈവങ്ങളായി മാറിയത്? ഞാൻ എന്റെ ബാല്യത്തിലേക്ക് തിരിഞ്ഞു നടന്നു. കഴക്കൂട്ടം എന്ന അന്നത്തെ നാട്ടിൻ പുറത്ത് ഒരു കൊച്ച് നഴ്സറി സ്കൂൾ. നഴ്സറി കവിതകൾ ഈണത്തിൽ ചൊല്ലി കുട്ടികെളെ കൊണ്ട് കൂടെ ചൊല്ലിക്കുന്ന ഐശ്വര്യമുള്ള മൂത്തശ്ശിയായി ‘മേരി ടീച്ചർ’. ഉറക്കം വരുന്ന കുട്ടികളെതോളിലിട്ട്തട്ടി, ഉറക്കം വരുമ്പോൾ നിലത്തെ പായയിൽ കിടത്തി, ഉണരുമ്പോൾ പുഴുങ്ങിയ ചെറുപയർ നിർബന്ധിച്ച് കഴിപ്പിച്ച് ശരീര പുഷ്ടിക്കും ബുദ്ധിക്കും പ്രതിരോധ ശക്തിക്കും അത്യുത്തമം എന്നു പറഞ്ഞ് കുഞ്ഞുങ്ങളിൽ ചെറുപയർ ഒരു ശീലമാക്കിമാറ്റിയ, കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പോലും ഏറെ ശ്രദ്ധാലുവായിരുന്ന മേരി ടീച്ചർ.

 

Pattiഒരു സർക്കാർ സ്കൂളിന്റെ എല്ലാ പരിമിതികൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിലും കുറഞ്ഞ വേതനത്തിന്റെയും ഉയർന്ന സേവനത്തിന്റേയും സാഹചര്യങ്ങൾക്കുള്ളിലും എന്തൊരു വാത്സ്യല്യവും പ്രോത്സാഹനവും സ്നേഹവും കരുതലുമൊക്കയാണ് അധ്ദ്യാപകർ ഞങ്ങൾക്ക് നൽകിയത്. കഴ്ക്കൂട്ടം ഗവർമെണ്ട് സ്കൂളിൽ ഒന്നാം ക്ലാസിൽ അക്ഷരത്തിന്റെ വെളിച്ചം ആദ്യം പകർന്ന് നൽകിയ നിലാവ് ഉദിച്ചപോലെ മുഖമുള്ള വള്ളി അമ്മ ടീച്ചർ കുട്ടികൾക്ക് സ്കൂളിലെ അമ്മയായിരുന്നു.

പരീക്ഷക്ക് സ്ലേറ്റിലിട്ട് നൽകുന്ന മാർക്ക് കുറഞ്ഞ പോയതിന് കരയുമ്പോൾ വത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവെച്ച് “മക്കൾക്ക് എത്രമാർക്ക് വേണം” എന്നു ചോദിച്ച് 100ന്100 മാർക്കും നൽകി ആശ്വസിപ്പിച്ചിരുന്ന വള്ളിയമ്മ ടീച്ചർ. മാർക്കിലൊന്നും കാര്യമില്ലെന്നും വിദ്യാഭ്യാസം എന്നത് വ്യക്തിത്വവികാസം സ്വഭാവ രൂപീകരണം ബുദ്ധി വികാസം വിശാലമായ ജീവിത വീക്ഷണം എന്നിങ്ങനെ ഉന്നതമായ ലക്ഷ്യങ്ങളുള്ളതാണെന്നും വള്ളിയമ്മ ടീച്ചർ മനസ്സിലാക്കിയിരുന്നവോ? പഠിപ്പിക്കലിനപ്പുറം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് കുട്ടികളെ സ്നേഹിച്ച, ലാളിച്ച, കുസൃതികൾക്ക് ചെറുതായി ശിക്ഷിക്കുമ്പോഴും ശിക്ഷയാണെന്ന് തോന്നിപ്പിക്കാതെ വത്സല്യത്തോടെ ഓമനിച്ച, എത്രയോ അദ്ധ്യാപകർ. സത്യമേ പറയാവൂ എന്നും ആ സത്യത്തിൽ ഉറച്ച് നിൽക്കണമെന്നും എപ്പോഴും കുട്ടികളോട് പറയാറുള്ള ലക്ഷ്മിക്കുട്ടി അമ്മടീച്ചറും ജഗദമ്മ ടീച്ചറും രത്നമ്മ ടീച്ചറും അമ്മിണി അമ്മ ടീച്ചറും ഗോമതി അമ്മ ടീച്ചറും സത്യത്തിന്റെ മഹത്വമുള്ള വിത്തുകൾ കുട്ടികളുടെ ഹൃദയങ്ങളിൽ മുളപ്പിക്കുകയായിരുന്നു. സ്വാതന്ത്യദിനം റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ ദിനങ്ങൾ സമുചിതായി ആഘോഷിക്കാൻ നേതൃത്വം നൽകിയിരുന്ന നെഹ്റുവിനെ പോലെ തോന്നിച്ചിരുന്ന അശോകൻ സാർ-ഗാന്ധിജിയും നെഹ്റുവും  സുഭാഷ് ചന്ദ്രബോസും തുടങ്ങി ധീര ദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരനായകൻമാരെ കുറിച്ച് ആവർത്തിച്ച് ആവർത്തിച്ച് പറയുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്ത് വിദ്യർഥികളിൽ  രാജ്യസ്നേഹവും ദേശാഭിമാനവും വളർത്താൻ പരമാവധി ശ്രമിച്ച മാതൃകാദ്ധ്യാപകനായിരുന്നു. ഒരു സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളിലെ ഉപ്പുമാവ് ഉണ്ടാക്കുന്ന നീണ്ട ഓല ഷെഡ്ഡിൽ ബഞ്ചുകൾ നിരത്തി ഉണ്ടാക്കിയ കർട്ടനില്ലാത്ത സ്റ്റേജിൽ, അച്ഛൻ എഴുതിതന്ന വരികൾ കാണാതെ പഠിച്ച് തത്തപറയുന്നത് പോലെ ഞാൻ പ്രസംഗിച്ചത് അശോകൻ സാറിന്റെ നിർബന്ധത്തിലും അദ്ദേഹം പകർന്ന് നൽകിയ ധൈര്യത്തിലുമായിരുന്നു. അതായിരുന്നല്ലോ എന്റെ ആദ്യ സ്റ്റേജ് അനുഭവം.

 

[quote arrow=”yes” align=”right”]ചാനൽ ഫ്രെയിമുകളിൽ അപരാധിയെ പോലെ അപമന ഭാരത്താൽ മുഖം കുനിച്ച് കൂടിനിന്നവരുടെ കൂക്ക് വിളിയേറ്റ് നടന്ന് നീങ്ങുന്നത്-കൊടുംകുറ്റവാളിയെ പോലെ പോലീസ് കൊണ്ട് പോകുന്നത് ഒരദ്ധ്യാപികയെയാണല്ലോ എന്നു ഓർത്തപ്പോൾ മനസ്സ് വല്ലതെ വേദനിച്ചു. എങ്ങനെയാണ് അദ്ധ്യപകർക്ക് ഇങ്ങനെ ആകാൻ പറ്റുന്നത്?. വാർത്തകൾ സത്യമായിരിക്കുമോ? വിശ്വസിക്കാൻ ആകുന്നില്ല![/quote]5)ം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ശബ്ദം തരക്കേടില്ലെന്നു തിരിച്ചറിഞ്ഞ് സ്കൂൾ അസംബ്ലിയിൽ “ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ്” എന്നു തുടങ്ങുന്ന പ്രതിജ്ഞാ വചകം ചൊല്ലിക്കൊടുക്കാൻ എന്നെ നിയോഗിച്ച, ആജ്ഞാ ശക്തിയുള്ള, സുഹറാ ബീവി ടീച്ചർ എന്ന വലിയ ബീവി ടീച്ചറും, സ്കൂൾ വിടുന്നതിന് മുൻപ് ‘ജന ഗണമന’ പാടുന്ന കൂട്ടത്തിൽ എന്നെയും കൂട്ടിയ അഫ്സാ ബീവി ടീച്ചർ എന്ന ലോല ഹൃദയയായ ചെറിയ ബീവി ടീച്ചറും, നോറ ടീച്ചറും ഷെറിൻ ടീച്ചറും സരസ്വതി ടീച്ചറും സന്താനവല്ലി ടീച്ചരും ശിവശങ്കരൻ സാറും ദാസ് സാറും ഒക്കെ ചേർന്ന് എന്നെ കലയിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. വിരസമായ സയൻസിനെ കഥകളിലൂടെ പറഞ്ഞും അഭിനയിച്ച് കാട്ടിയും എറ്റവും രസകരമായി അവതരിപ്പിച്ച് പഠനത്തിന്റെ ഭാരമില്ലാതെ കുട്ടികൾക്ക് പ്രിയങ്കരമക്കി മാറ്റിയ രമചന്ദ്രൻ സാറും, കൊമ്പൻ മീശയും കൈയ്യിൽ കമ്പുമായി വരുന്ന ബാലകൃഷ്ണൻ സാറും ഉഗ്രപ്രതാപിയായ വേലായുധൻസാറും രാഘവൻ സാറും ഗോപാലകൃഷ്ണൻ സാറുമെല്ലാം ഉള്ളിൽ നിറയെ നന്മയുള്ള-സ്നേഹമുള്ള സിംഹങ്ങളായിരുന്നു. കണിയാപുരം മുസ്ലീം ഹൈസ്കൂളിൽ പഠിക്കുമ്പോൾ കടുകട്ടിയായ കണക്കിനൊപ്പം അൽപം നാടകവും കൂടി നൽകിയ നടക കാരനായിരുന്ന കണിയാപുരം ഉണ്ണികൃഷ്ണൻ നായർ സാർ, സംസ്കൃത പണ്ഡിതനും ആട്ടകഥക്കളുടെ രചയിതാവുമായ മലയാളം അദ്ധ്യാപകൻ നാരാണപിള്ള സാർ. വാത്സല്യത്തോടെ ബയോളജി പഠിപ്പിച്ചിരുന്ന മേരീ. സി കുര്യൻ എന്ന ക്ലാസ്സ്ടീച്ചർ. ഓർമ്മയിൽ എന്റെ പ്രിയങ്കരായ അദ്ധ്യാപകർ ഇനിയും ഒരുപാടുപേർ പേരെഴുതാൻ ആവാതെ.

അച്ചടക്കം പഠിപ്പിക്കാൻ അനാവശ്യമായി വടി ഉയർത്താതെ, ഒരു നോട്ടം കൊണ്ട്, ഒരു മൂളൽ കൊണ്ട്, സ്നേഹപൂർണ്ണമായ ഒരു ശാസന കൊണ്ട്, ലോകത്തിലെ ഏറ്റവും വല്ല്യമര്യാദക്കാരക്കാൻ കഴിവുള്ളവരായിരുന്നു ആ അദ്ധ്യാപകർ. വടി പ്രയോഗിക്കേണ്ടി വരുന്നത് ഒരദ്ധ്യാപകന്റെ പരാജയമാണെന്ന് ഈ അദ്ധ്യാപകർ തിരിച്ചറിഞ്ഞിരുന്നുവോ?

[quote arrow=”yes” align=”left”]കോളേജിന്റെ ചൈതന്യമായിരുന്ന “പ്രീഡിഗ്രിയുടെ” നാളുകൾ. വാക്കിന്റെ കരുത്ത് നന്നായി അറിയുന്ന മലയാളത്തിന്റെ പ്രിയ കവിയായി പിന്നീടുമാറിയ മധുസൂദൻ സാറിന്റെ മന്ത്രത്തിന്റെ മുഴക്കവും ഗാംഭീര്യവുമുള്ള മലയാളം ക്ലാസുകൾ. പട്ടണത്തിൽ നിന്നും വരുന്ന ഇംഗ്ലീഷ് മീഡിയം കാർ ഇംഗ്ലീഷിൽ ജോക്ക്സ് പറഞ്ഞു ചിരിക്കുമ്പോൾ അതൊന്നും മനസ്സിലാകാതെ വിഡ്ഢികളെ പോലെ നിന്ന ഞങ്ങൾ മലയാളം മീഡിയം കാർ സ്വകാര്യ അഹങ്കാരമായി മനസ്സിൽ കരുതി വെച്ചത് മധുസൂദനൻ സാറിന്റെ മലയാളം ക്ലാസ്സുകൾ ആയിരുന്നു[/quote]തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ, കോളേജിന്റെ ചൈതന്യമായിരുന്ന “പ്രീഡിഗ്രിയുടെ” നാളുകൾ. വാക്കിന്റെ കരുത്ത് നന്നായി അറിയുന്ന മലയാളത്തിന്റെ പ്രിയ കവിയായി പിന്നീടുമാറിയ മധുസൂദൻ സാറിന്റെ മന്ത്രത്തിന്റെ മുഴക്കവും ഗാംഭീര്യവുമുള്ള മലയാളം ക്ലാസുകൾ. പട്ടണത്തിൽ നിന്നും വരുന്ന ഇംഗ്ലീഷ് മീഡിയം കാർ ഇംഗ്ലീഷിൽ ജോക്ക്സ് പറഞ്ഞു ചിരിക്കുമ്പോൾ അതൊന്നും മനസ്സിലാകാതെ വിഡ്ഢികളെ പോലെ നിന്ന ഞങ്ങൾ മലയാളം മീഡിയം കാർ സ്വകാര്യ അഹങ്കാരമായി മനസ്സിൽ കരുതി വെച്ചത് മധുസൂദനൻ സാറിന്റെ മലയാളം ക്ലാസ്സുകൾ ആയിരുന്നു. ആ ക്ലാസുക്കൾക്കായി ഓരോ ദിവസവും കൊതിയോടെ കാത്തിരുന്ന കുട്ടികളിൽ ഒരാളായ എന്നെ ഒരുനാൾ മലയാളത്തിന് കൂടുതൽ മാർക്ക് വാങ്ങിയതിന് ആരികിൽ ചേർത്ത് നിർത്തി നിറഞ്ഞ സ്നേഹത്തോടെ മധുസുദനൻ സാർ പറഞ്ഞ അഭിനന്ദനം എനിക്കു നൽകിയ അഭിമാനം ആത്മവിശ്വാസം എത്ര വലുതായിരുന്നു. ആത്മീയ തേജസ് സ്ഫുരിക്കുന്ന ദിവ്യമായ മന്ദഹാസത്തോടെ ഊർജ്ജതന്ത്രം പഠിപ്പിച്ചിരുന്ന നമ്പ്യാപറമ്പിലച്ചൻ മലയളം പ്രൊഫസറായ വട്ടകുന്നേൽ അച്ചൻ, കെമസ്ട്രിയുടെ കെമസ്ട്രി അറിയിച്ചുതന്ന മാണിയച്ചൻ, നിഷ്കളങ്കമായ ചെറുചിരിയോടെ സൗമ്യമായി ചെടികളുടെ ശരീര ശാസ്ത്രം പഠിപ്പിച്ചിരുന്ന ബോട്ടണിയിലെ ഫാദർ അഗ്സ്റ്റിൻ, കോളേജ് കാലത്തും ഇങ്ങനെ മനസ്സിൽ നിന്നും മായത്ത എത്രയോ അദ്ധ്യാപകരുണ്ട്.

 

ചെമ്പഴന്തി കോളേജിലെ മനശാസ്ത്ര ബിരുദനാളുകളിൽ ഫ്രോയിഡും, അഡ് ലറും, യൂങ്ങും, അവരുടെ സിദ്ധാന്തങ്ങളും, അതിന്റെ അടിസ്ഥനത്തിൽ മനുഷ്യന്റെ പെരുമാറ്റവും, അതിനു പിന്നിലെ മനസ്സിന്റെ പ്രേരണകളും മനസിന്റെ ഇടപെടലുകളും, എല്ലാം വിശകലനം ചെയ്ത് മനുഷ്യമനസ്സിന്റെ അഗാധതകളും നിഗൂഡതകളും മനസ്സിലാക്കി തന്ന ഉമടീച്ചറും ശ്രീദേവി ടീച്ചറും സതിടിച്ചറും ഇന്ദുലേഖടീച്ചറും, വിദ്യാർഥികൾക്ക് എന്തു പ്രശ്നവും എന്തു സ്വകാര്യവും സുരക്ഷിതമായി പറയാവുന്ന രക്ഷിതക്കളെ പോലെ/കൂട്ടുകാരെ പോലെ ആയിരുന്നു. കവിതയുടെ മർമ്മമറിയുന്ന വലിയ കവി കിളീമാനൂർ രമാകന്താൻ സാർ മധുരമായി ദീപ്തമായി മലയാളം പഠിപ്പിച്ചിരുന്നു. ഒരു പൂ വിരിയുന്നത് പോലെ ഹൃദ്യമായി ശോകാർദ്രമായ മുഖത്തോടെ കവിത പഠിപ്പിച്ചിരുന്ന വാത്സല്യ നിധിയായാ കവി രമാകാന്തൻ സാർ ഞങ്ങളുടെ അഭിമാനമയിരുന്നു. എപ്പോഴും പ്രസന്ന വദനയായി മലയാളം തന്നെ പഠിപ്പിച്ചിരുന്ന പ്രഫസർ പ്രസന്നാ രാമചന്ദ്രൻ….., എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച നിരവധി അദ്ധ്യാപകർ ഇനിയുമുണ്ട് ഹൃദയത്തിൽ .

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെതൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബി.ടി.എ പഠനകാലം. നാടകത്തിനായി ജീവിതം നൽകിയ, നടകത്തിന്റെ ശക്തിയും ദൗർബല്യവും വ്യപ്തിയും പരിമിതിയും നന്നായി അറിഞ്ഞ, സ്വന്തം നാടക ദർശനങ്ങൾ നടക വേദിക്ക് നൽകിയ മഹാനായ നടകഗുരു ഒരു താപസനെ പോലെ പ്രൊഫസർ ജി .ശങ്കരപിള്ള സാർ. നാടകത്തിന്റെ സൗന്ദര്യ ശാസ്ത്രം മുഴുവൻ ആവാഹിച്ച് അതു ഞങ്ങൾക്ക് പകർന്ന് നൽകിയ, വാക്കിലും ചിന്തയിലും ജീവിതത്തിൽ ഉടനീളവും ഗാന്ധിയനായ, നന്മയുടെ വെണ്മയായ പ്രൊഫസർ വയലാ വാസുദേവൻ പിള്ള സാർ എന്ന് മഹനായ അദ്ധ്യാപകൻ. അരങ്ങിന്റെ ആഴങ്ങൾ അറിഞ്ഞ നാടകാചാര്യൻ പികെ വേണുകുട്ടൻ നായർ സാർ. ഫോക്ക് തീയറ്ററിനെ സമഗ്രമായി ഉൾകൊണ്ട എ.കെ നമ്പ്യാർ സാർ, ക്ലാസിക്കൾ തീയറ്ററിന്റെ ശക്തിയും സൗന്ദര്യവും പകർന്നു നൽകിയ നാമ്പൂതിരി സാർ, അഭിനയത്തിന്റെ സൂഷ്മാപാഠങ്ങൾ പഠിപ്പിച്ച രചയിതാവും സംവിധയകനും നടനുമായ പി ബാലചന്ദ്രൻ സാർ, സംസ്കൃത നാടകങ്ങളിലെ വൈകാരിക മുഹൂർത്തങ്ങൾ പഠിപ്പിക്കുമ്പോൾ നിഷ്കളങ്കമായി വിതുമ്പി കരയുമായിരുന്ന പണ്ഡിത ശ്രേഷ്ഠനായ കെപി നരായണ പിഷാരടി സാർ… ഇവരെല്ലാം ചേർന്ന് ലോകനാടക വേദിയുടെ അനന്തവിഹായസ്സിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകുകയയിരുന്നു.

ഇവിടെ പേരുകൾ എഴുതി തീർന്നിട്ടില്ല അദ്ധ്യാപനത്തിന്റെ മഹത്വമറിഞ്ഞ എത്രയോ അദ്ധ്യപകരുണ്ട് ഇനിയും എന്റെ മനസ്സ് നിറയെ. മഹാരഥൻമാരയ എത്രയെത്ര അദ്ധ്യപകരെ ഓർമ്മിക്കുന്നുണ്ടാകും ഓരോ വ്യക്തിക്കും. പാഠ ഭാഗങ്ങൾ വ്യഖ്യാനിച്ച് നൽകുന്ന വെറും യന്ത്രങ്ങൾ ആയിരുന്നില്ല ആ അദ്ധ്യാപകർ. സിലബസിനൊപ്പം ജീവിതം കൂടിയാണ് അവർ പഠിപ്പിച്ചത്. അവരുടെ അനുഗ്രഹമാണ്-അവർ തെളിച്ച വെളിച്ചമാണ് എന്നെ പോലുള്ളവരെ ഓരോ നിമിഷവും മുന്നോട്ട് നയിക്കുന്നത്. അദ്ധ്യാപനം അധ്വാനമായി കണാതെ അത് നിയോഗം പോലെ കണ്ട് ശ്രേഷ്ഠമായ കർമ്മയായി കരുതിയിരുന്ന/കരുതുന്ന നന്മയുടെ ആൾരൂപങ്ങളായ എത്രയോ അദ്ധ്യാപരുണ്ട്. മാതൃവത്സല്യത്തിന്റെ പിതൃസ്നേഹത്തിന്റെ മുഖമാണ് ആ അദ്ധ്യാപകർക്ക്. ഫീസ് അടക്കാൻ നിവൃത്തിയില്ലത്ത കുട്ടികൾക്ക് ഇല്ലായ്മയിൽ നിന്ന് ഫീസുനൽകി, വസ്ത്രം നൽകി, ആഹാരം നൽകി, ആശ്വാസവും ആത്മവിശ്വാസവും സാന്ത്വനവും നൽകി, സ്നേഹത്തിന്റെ പര്യായമായി മാറിയ അദ്ധ്യാപകർ.. തലമുറകളെ നന്മയിലേക്കും ശരിയിലേക്കും നയിച്ച കെടാവിളക്കുകൾ.

 

[quote arrow=”yes”]ഒരുകുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ, സർഗ്ഗ വാസനകളെ കണ്ടെത്തി അതിനെ പ്രോജ്ജ്വലിപ്പികുകയും സ്നേഹവും കരുണയും മനുഷ്യത്വവുമുള്ള പൂർണ്ണ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കർമ്മമാണ് അദ്ധ്യപകർ ചെയ്യുന്നത്/ ചെയ്യേണ്ടത്. ഞാൻകണ്ട് അദ്ധ്യപകരൊക്കെയും അങ്ങനെ ആയിരുന്നല്ലോ.[/quote]ഉത്തമരായ ഭാവി പൗരൻമാരെ സൃഷ്ടിക്കുന്ന പരീക്ഷണ ശാലകളാണ് വിദ്യാലയങ്ങൾ. വിജ്ഞാന കേന്ദ്രങ്ങളാകേണ്ട മികവിന്റെ കേന്ദ്രങ്ങളാകേണ്ട  ഉന്നത മൂല്യങ്ങളുണ്ടാകേണ്ട വിദ്യാലയങ്ങൾ ബിസിനസ്സ് കേന്രങ്ങളായി അധപതിക്കുന്നതിന്റെ അപചയങ്ങളാണ് നാം ഇന്ന് കാണുന്നത്. നാളെ വാനോളം ഉയർന്ന് ലോകത്തിന്റെ നെറുകയിലെത്തേണ്ട അസാമാന്യ പ്രതിഭകളാകാം പട്ടികൂട്ടിൽ അടക്കപ്പെടുന്നതും ചോരപ്പാടുമായി നിലവിളിക്കുന്നതും എന്ന് നാം ഓർക്കണം. ഒരുകുട്ടിയിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ, സർഗ്ഗ വാസനകളെ കണ്ടെത്തി അതിനെ പ്രോജ്ജ്വലിപ്പികുകയും, സ്നേഹവും കരുണയും മനുഷ്യത്വവുമുള്ള പൂർണ്ണ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന കർമ്മമാണ് അദ്ധ്യപകർ ചെയ്യുന്നത്/ ചെയ്യേണ്ടത്. ഞാൻകണ്ട് അദ്ധ്യപകരൊക്കെയും അങ്ങനെ ആയിരുന്നല്ലോ.

 

അക്ഷര പൂട്ടുകൾ തുറന്ന്, അറിവിന്റെ പ്രകാശം പകർന്ന്, അതിരില്ലാത്ത സ്നേഹവും വാത്സല്യവും പ്രോത്സാഹനവും പിന്തുണയും തന്ന്, ഉള്ളിൽ ആത്മവിശ്വാസം നിറച്ച്, എന്നിലെ എന്നെ ഞാനാക്കിയ എല്ലാ ഗുരുനാഥൻമാരെയും-ഒരിക്കലും തീർക്കാനാകാത്ത കടപ്പാട് ഹൃദയത്തിൽ സൂക്ഷിച്ച് കൊണ്ട് -നിറഞ്ഞ നന്ദിയോടെ ഞാൻ ഓർക്കുന്നു. ഈ ലോകം പടുത്തുയർത്തുന്നതിന് ജീവിതം സമർപ്പിച്ച, മുന്നേ കടന്ന് പോയവരും നമ്മോടോപ്പം ഇപ്പോഴും നിറ ദീപങ്ങളായി ജ്വലിച്ച് നിക്കുന്നവരുമായ സർവ്വ ഗുരുനാഥൻ മാർക്കും ഭകതിപൂർവ്വം ഗുരുവന്ദനം അർപ്പിച്ച് കൊണ്ട്, അദ്ധ്യാപകർ എന്ന മഹനീയ പദം ദൈവനാമം പോലെ ഉള്ളിൽ കാത്തുകൊണ്ട്, ഹൃദയപൂർവ്വം ഒരു പൂർവ്വ വിദ്യർഥി.

പ്രേംകുമാർ(ചലചിത്ര നടൻ)
പ്രേംസദൻ കഴക്കൂട്ടം പി.ഒ.
തിരുവനന്തപുരം 695582
മൊബൈൽ:9447499449