പോലീസിനെ പേടിക്കാതെ ഇനിമുതല്‍ ചന്ദനമരം വീട്ടില്‍ നടാം; സര്‍ക്കാര്‍ കാശ് ഇങ്ങോട്ട് തരും

single-img
13 October 2014

Red_Sandal_Wood_Treesസ്വകാര്യ ഭൂമിയിലെ തടിയുല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി വനംവകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയുടെ ഭാഗമായി ിനിമുതല്‍ ചന്ദനമരം വീട്ടുവളപ്പില്‍ നടാം. ചന്ദനമരം വളര്‍ത്തുന്നതിനു പണം സര്‍കാര്‍ ഇങ്ങോട്ട് നല്‍കുകയും ചെയ്യും.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമായ ചന്ദന തൈകള്‍ക്ക് ഓരോന്നിനും 30 മുതല്‍ 50 രൂപ വരെ ധനസഹായം ലഭിക്കും. ചന്ദനത്തിനു പുറമെ തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ തുടങ്ങിയ മരങ്ങള്‍ക്കും ഇനി ധനസഹായം ലഭിക്കും.

നാട്ടില്‍ വൃക്ഷങ്ങളുടെ എണ്ണം കുറയുന്നതും തടിയുല്‍പാദന മേഖല പ്രതിസന്ധിയിലായതുമാണു ധനസഹായ പദ്ധതി ആരംഭിക്കാന്‍ വനംവകുപ്പ് മുന്നിട്ടിറങ്ങിയതും നൂലാമാലകള്‍ എടുത്തു കളഞ്ഞതും. ഇനിമുതല്‍ തൈകളുടെ എണ്ണത്തിനനുസരിച്ചു മൂന്നു തട്ടുകളിലായി ചന്ദനമരക്കൃഷിക്കു ധനസഹായം ലഭിക്കും. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ പ്രായമുള്ള 50 മുതല്‍ 200 വരെ തൈകള്‍ക്കു 50 രൂപ വീതമായിരിക്കും ധനസഹായം. 200 മുതല്‍ 400 വരെ തൈകള്‍ക്കു 40 രൂപ വീതവും 400 മുതല്‍ 625 വരെ തൈകള്‍ക്കു 30 രൂപ വീതവും സഹായം നല്‍കും. ഒന്ന്, രണ്ട് തട്ടുകളിലുള്ള കൃഷിക്കു 10,000 രൂപയാണു കുറഞ്ഞ ധനസഹായം. മൂന്നാം തട്ടിലുള്ള കൃഷിക്കു 16,000 രൂപയും. മരങ്ങള്‍ വളര്‍ന്നു വെട്ടാറാകുമ്പോള്‍ വനംവകുപ്പിനെ അറിയിക്കുകയും അധികൃതരെത്തി വെട്ടി ലേലം ചെയ്ത ശേഷം തുകയുടെ 70% ഉടമസ്ഥര്‍ക്കു നല്‍കുകയും ചെയ്യും. ബാക്കി 30% തുക ചെലവിനത്തില്‍ സര്‍ക്കാരിലേക്ക് പോകും.