ജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക

single-img
13 October 2014

1164_S_jayalalitha-lകര്‍ണാടക ജയിലില്‍ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിക്ക് തമിഴ്‌നാട്ടിലേക്ക് ജയില്‍മാറ്റത്തിന് സാധ്യതയൊരുങ്ങുന്നു. തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ ജയലളിതയെ ജയില്‍മാറ്റാമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ബാംഗളൂര്‍ ജയിലില്‍ ജയയെ ദീര്‍ഘകാലം പാര്‍പ്പിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം.

വി.വി.ഐ.പി പരിഗണനയില്‍ ജയലളിതയെ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ജയിലില്‍ ജയയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ജയിലിനു വെളിയില്‍ ദിവസവും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയലളിതയെ ജയില്‍ മാറ്റുന്ന കാര്യം ആലോചിക്കുന്നത്. ഇതു പരിഗണിച്ചാണ് ജയലളിതയ്ക്കു ജാമ്യം നല്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.