കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വിതരണം വീണ്ടും നിലച്ചു

single-img
13 October 2014

ksrtcകെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വിതരണം വീണ്ടും നിലച്ചു. മുന്‍കൂട്ടി പണം അടക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീസല്‍ വിതരണം നിര്‍ത്തിയത്. ഇതുമൂലം ഉച്ചക്ക്‌ ശേഷമുള്ള നിരവധി സര്‍വ്വീസുകള്‍ മുടങ്ങി.

 

രണ്ടാ‍ഴ്ച്ചക്കിടെ രണ്ടാം തവണയാണ് ഡീസല്‍ വിതരണം നിലച്ചത് മൂലം കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുകള്‍ മുടങ്ങുന്നത്. ഈ ആ‍ഴ്ചത്തേക്കുള്ള ഡീസലിന് കെ എസ് ആർ ടി സി പണം മുന്‍കൂട്ടി അടച്ചില്ല . ഇതേ തുടര്‍ന്ന് ക‍ഴിഞ്ഞ രണ്ട് ദിവസമായി ഐഒസി ഡീസല്‍ വിതരണം ചെയ്തില്ല. ഡിപ്പോകളില്‍ സ്റ്റോക്കുണ്ടായിരുന്ന ഡീസലും തീര്‍ന്നതോടെ ഉച്ചമുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

 

മംഗലാപുരം ഭാഗത്തേക്കുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകളും നിര്‍ത്തിവെച്ചവയില്‍ പെടും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ഡിപ്പോകളിളെ ക്ഷാമം ബധിച്ചിട്ടുണ്ട്. അതേസമയം താല്‍ക്കാലികമായി സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ നിര്‍ദശം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. തിരുവനന്തപുരത്തെ ഡിപ്പോകളിലുള്ള സര്‍വ്വീസുകള്‍ക്ക്‌ ആറ്റിങ്ങലുള്ള സ്വകാര്യ പമ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.