രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സുനില്‍ പറന്നെത്തി, മരണം പിടിമുറുക്കിയ പെണ്‍കുട്ടിക്ക് ജീവശ്വാസവുമായി

single-img
13 October 2014

Sunil

ഈ കഥയില്‍ രണ്ടു നായകരാണ്. തന്റെ അവയവങ്ങള്‍ ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരു ശരീരത്തില്‍ ജീവനായി നല്‍കിയ ആനന്ദ് സജിയും മസ്തിഷ്‌ക മരണം സംഭവിച്ച ആനന്ദ് സജിയുടെ വൃക്കയുമായി എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് മരണപ്പാച്ചില്‍ പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ സുനിലും.

വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌കമരണം Anandസംഭവിച്ച മൂവാറ്റുപുഴ സ്വദേശി 23 കാരന്‍ ആനന്ദ് സജിയുടെ വൃക്കകളും കരളും ബന്ധുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതോടെ ട്രാഫിക് സിനിമ പുരരവതരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണത്തോട് മല്ലിടുന്ന വൃക്കരോഗിയായ 23കാരി പെണ്‍കുട്ടിക്ക് ആനന്ദിലൂടെ ജീവന്‍ നല്‍കാനുള്ള തീവ്രശ്രമങ്ങളുമായി ഡോക്ടര്‍മാരും ജീവനക്കാരും ജാഗരൂകരായി.

കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ മൃതസഞ്ജീവനിയെനന്ന അവയവ ദാന പദ്ധതിയിലെ ഡോക്ടര്‍മാര്‍ അര്‍ദ്ധരാത്രി 12 മണിയോടെ അവയവങ്ങള്‍ മാറ്റം ചെയ്തുതുടങ്ങി .പുലര്‍ച്ചെ 5.50ഓടെ അവയവങ്ങള്‍ മാറ്റി. പിന്നെയായിരുന്നു സുനിലിന്റെ ഊഴം. ദൗത്യം മാത്രം മുന്നില്‍ കണ്ട് മറ്റൊന്നും ചിന്തിക്കാനില്ലാതെ കൃത്യം ആറു മണിക്ക് സുനില്‍ വൃക്കയുമായി നേരെ തിരുവനന്തപുരത്തേക്ക് . പുലര്‍ച്ചെയായതിനാല്‍ ഗതാഗത കുരുക്കുകള്‍ സുനിലിന് മുന്നില്‍ വലിയ തടസ്സം സൃഷ്ടിച്ചില്ല. വെറും രണ്ടരമണിക്കൂറിനുള്ളില്‍ സുനിലിന്റെ ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനുമുന്നിലെത്തി നിന്നു.

വളരെ നാളുകളായി വൃക്കദാതാവിനെ കിട്ടാതെ ജീവിതം ചോദ്യചിഹ്നമായ കാട്ടാക്കട സ്വദേശിനിക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള അവസരമാണ് ആനന്ദ് സജിയുടെ ബന്ധുക്കള്‍ ഒരു സത്പ്രവൃത്തിയിലൂടെ നല്‍കിയത്.