ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു;അഞ്ചു പേർ മരിച്ചു

single-img
12 October 2014

wind...ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രയുടെ വടക്കൻ തീരത്തേക്ക് കടന്നു. ഇതേതുടർന്ന് വിശാഖപട്ടണത്തും വിസാഗിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. അഞ്ചു പേർ മരിച്ചു. മൂന്നു പേർ ആന്ധ്രയിലും രണ്ടു പേർ ഒഡിഷയിലുമാണ് മരിച്ചത്.

 

 

ഒഡിഷയിൽ മീൻ പിടിക്കാൻ പോയവരാണ് മരിച്ചത്.200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് കരയില്‍ പ്രവേശിച്ചത് വിജയനഗരത്തിനടുത്ത് ബിമിലിയിലാണ്. വിശാഖപട്ടണത്തെ 29 ഗ്രാമങ്ങളില്‍ കനത്തമഴ പെയ്യുകയാണ്. കടലില്‍ 30 അടി ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ തകരാറിലായി.

 

 
പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മുൻകരുതലെന്നവണ്ണം ആന്ധ്രാപ്രദേശിൽ നിന്നുള്ള എഴുപതോളം ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍ വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

 

ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.അടുത്ത ആറു മണിക്കൂർ കൂടി കാറ്റ് ശക്തിയായി വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

 

പിന്നീട് വേഗത കുറഞ്ഞ് പിൻവാങ്ങും.എന്നാൽ ന്യൂനമർദ്ദം രൂപം കൊണ്ടതിനാൽ ബുധനാഴ്ച വരെ മഴ തുടർന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ വിദഗ്ദ്ധരുടെ പതിനഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

പത്ത് സംഘങ്ങളെ വിശാഖപട്ടണത്തും അഞ്ച് സംഘങ്ങളെ ശ്രീകാകുളത്തുമാണ് നിയോഗിച്ചിരിക്കുന്നത്. മഴയെ തുടർന്ന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ മാത്രം മൂന്ന് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.