ഹുദ്​ ഹുദ്​ ചു‍ഴലിക്കാറ്റ്​ ഉച്ചയോടെ ആന്ധ്രാതീരത്ത്, ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

single-img
12 October 2014

windബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട  ‘ഹുദ് ഹുദ്’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്താന്‍ മണിക്കൂറുകള്‍മാത്രം.ഇതോടെ അഞ്ച് ജില്ലകളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ആന്ധ്രയിൽ അഞ്ച് ജില്ലകളും ഒഡിഷയിൽ എട്ട് ജില്ലകളുമാണ് കൊടുങ്കാറ്റിന്റെ പ്രഹര പരിധിയിൽ ഉള്ളത്.

 

ഇന്നലെ വൈകിട്ട് കൊടുങ്കാറ്റ് മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ തീരത്തേക്ക് നീങ്ങുകയായിരുന്നു. തീരത്തോട് അടുക്കുന്തോറും ശക്തി കൂടുന്ന കൊടുങ്കാറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുൻപായി മണിക്കൂറിൽ 170 – 180 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാതീരത്ത് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

 
കൊടുങ്കാറ്റിന്റെ ശക്തിയിൽ കടലിൽ 30 മുതൽ 45 അടി വരെ തിരമാലകൾ ഉയരും. ആന്ധ്ര, ഒഡിഷ തീരങ്ങളിൽ ഇന്നലെ രാവിലെ മുതൽ മഴ തുടങ്ങി. അതേസമയം ഇന്ന് മഴ അതിശക്തമാകും.

 

ഭുവനേശ്വർ – വിശാഖപട്ടണം റൂട്ടിലെ 40 ട്രെയിനുകൾ റദ്ദാക്കി. മറ്റ് 40 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍ വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാനസർവീസുകളും നിറുത്തി വയ്‌ക്കും.

 
ആന്ധ്രയിൽ വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലെ 396 ഗ്രാമങ്ങളാണ് കൊടുങ്കാറ്റിന്റെ പ്രഹര പരിധിയിൽ വരുന്നത്. ഈ ഗ്രാമങ്ങളിലെ 3.91 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

 

ഇതിൽ 1.85 ലക്ഷം പേരും ശ്രീകാകുളത്താണ്. ഇവർക്കായി 370 റിലീഫ് ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. വിശാഖപട്ടണത്ത് 24,000, വിജയനഗരത്തിൽ 15,000, ശ്രീകാകുളത്ത് 46,000 പേരെയുമാണ് റിലീഫ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.ഒഡിഷയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 300 ക്യാമ്പുകളും പ്രവര്‍ത്തനം തുടങ്ങി.

 

ദേശീയ ദുരന്തനിവാരണസേനയുടെ 20 യൂണിറ്റ് ആന്ധ്രയിലും 16 യൂണിറ്റ് ഒഡിഷയിലുമെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരും വൈദ്യസംഘവും ഹെലികോപ്ടറും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും. നാവികസേനയുടെ 30 രക്ഷാബോട്ടുകള്‍ ഉള്‍പ്പെടെ 54 ബോട്ടുകള്‍ ആന്ധ്രാതീരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സജ്ജമാണ്.

 

ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി നാല് കപ്പലുകളും മേഖലയില്‍ നിര്‍ദേശം കാത്തുകിടക്കുന്നു.
അടിയന്തരസാഹചര്യം നേരിടാന്‍ ആറ് വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏത് വെല്ലുവിളിയേയും നേരിടാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തി പറഞ്ഞു.