സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ സമയമില്ലാത്തവര്‍ അമ്മയാകാന്‍ ശ്രമിക്കരുതെന്ന് മമ്മൂട്ടി

single-img
11 October 2014

Mammootty_malayalamസ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ സമയമില്ലാത്തവര്‍ അമ്മയാകാന്‍ ശ്രമിക്കരുതെന്ന് സൂപ്പര്‍ താരം മമ്മൂട്ടി. കുട്ടികളോട് കാട്ടുന്ന കൊടും ക്രൂരതയാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാരസാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതിലൂടെ മാതാപിതാക്കള്‍ കാണിക്കുന്നതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ കാന്‍സര്‍ ചകിത്സ സൗജന്യമാക്കുന്ന ‘സുകൃതം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിയുടെ ജീവിത ശൈലിയും ആഹാര ശൈലിയും മാറാതെ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു.

കുപ്പി ചൂടാവുമ്പോള്‍ വെള്ളത്തില്‍ കലര്‍ന്നേക്കാവുന്ന പ്ലാസ്റ്റിക് കാന്‍സറിന് കാരണമാവുന്നു. കിണര്‍ വെള്ളവും വീട്ടില്‍ പാകം ചെയ്ത ചോറും കറിയും കഴിച്ചപ്പോള്‍ നമുക്ക് ഒരു രോഗവും ഇല്ലായിരുന്നു. ഫ്‌ളെക്‌സും ബൊക്കെയും എല്ലാം ഒഴിവാക്കി പ്രകൃതി സൗഹൃദമായി അലങ്കരിച്ച ഉദ്ഘാടന വേദിയിലും സദസ്സിലും വിതരണം ചെയ്ത കുപ്പിവെള്ളം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇന്ന് കേട്ടിട്ടില്ലാത്ത രോഗങ്ങളാണ് ഇപ്പോള്‍ നമ്മളെ ആക്രമിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.