കാന്‍സര്‍ ചികിത്സ കേരളത്തിൽ ഇനി സൗജന്യം

single-img
11 October 2014

sukruthamകേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളില്‍ നവംബര്‍ ഒന്നുമുതല്‍ കാന്‍സര്‍ ചികിത്സ സൗജന്യമാകും.നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലുമാണ് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ ലഭ്യമാക്കുക. രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു

കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതി ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാന്‍ കഴിയണമെന്ന ആഗ്രഹമുള്ളതിനാല്‍ പദ്ധതി അധികനാള്‍ നീണ്ടുനില്‍ക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് പദ്ധതി സമര്‍പ്പിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.

സിഗരറ്റിന്റെ നികുതി എട്ട് ശതമാനം ഉയര്‍ത്തിയതില്‍ മൂന്നുശതമാനം സുകൃതം പദ്ധതിക്കായി വിനിയോഗിക്കും. മദ്യത്തിന് വര്‍ധിപ്പിച്ച ഒരു ശതമാനം സെസ് ഈ പദ്ധതിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വെബ്‌സൈറ്റ് മന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം മന്ത്രി കെ.പി. മോഹനനും ഫെയ്‌സ് ബുക്ക് പേജ് പ്രകാശനം മന്ത്രി ഷിബു ബേബിജോണും നിര്‍വഹിച്ചു. വി. ശിവന്‍കുട്ടി എം.എല്‍.എ ലോഗോയും എം.എ. വാഹിദ് എം.എല്‍.എ ആമുഖ ഗാനവും പ്രകാശനം ചെയ്തു.

കാന്‍സര്‍ രോഗികള്‍ക്കും കുടുംബത്തിനും ആശ്വാസം നല്‍കാന്‍ പദ്ധതി നടപ്പാക്കുമെന്ന്‌ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. ഇത്‌ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാന്‍സര്‍ സുരക്ഷാ സൊസൈറ്റിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. പ്രതിവര്‍ഷം 300 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഭാരതത്തിന്റെ ചികിത്സാ മേഖലയില്‍ത്തന്നെ ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു.