തോമസ് ഐസക്കിന്റെ ശുചിത്വയജ്ഞത്തെ വിമര്‍ശിച്ച് ജി. സുധാകരന്‍ രംഗത്ത്

single-img
10 October 2014

31_KIEP_SUDHAKARAN_173245fആലപ്പുഴ: മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സമിതിയംഗം ജി. സുധാകരന്‍ രംഗത്ത്. ഇടത് യുവജന സംഘടനകളുടെ യുവജനപ്രക്ഷോഭ സന്ദേശയാത്ര ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സുധാകരന്‍ തോമസ് ഐസക്കിനെ വിമർശിച്ചത്.

കഴിഞ്ഞ ദിവസം തോമസ് ഐസക് കലവൂരില്‍ മൂത്രപ്പുര വൃത്തിയാക്കിയത് വാര്‍ത്തയായിരുന്നു. തോമസ് ഐസക്കിന്റെ പേരെടുത്ത് പറയാതെ ഈ സംഭവത്തെ വിമര്‍ശിച്ചായിരുന്നു സുധാകരന്റെ പ്രസംഗം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തുടക്കം. നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരിയാണെന്നും വര്‍ഗീയതയാണ് അദ്ദേഹത്തിന്റെ പ്രധാന മുഖമുദ്രയെന്നും. മുഖം മിനുക്കാന്‍ വേണ്ടി ഇപ്പോള്‍ ചൂലുമായി ഇറങ്ങിയിരിക്കുകയാണ്. ഈ പരിപാടി കണ്ട് ഇവിടെയും ചിലര്‍ ചൂലുമായി കക്കൂസ് വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും. ട്രെയിന്‍യാത്രകളും മറ്റും നടത്തുമ്പോള്‍ തങ്ങളും കക്കൂസുകള്‍ വൃത്തിയാക്കാറുണ്ടെന്നും അത് വാര്‍ത്തയാക്കുകയോ പത്രങ്ങളില്‍ കൊടുക്കുകയോ ചെയ്യാറില്ലെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ തോമസ് ഐസക് ആലപ്പുഴയില്‍ ആരംഭിച്ച ശുചീകരണ പരിപാടി സി.പി.എം ഏറ്റെടുത്ത് സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് സുധാകരന്‍റെ വിമർശനം.