പോത്തന്‍കോട്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു; ഒരാൾക്ക് കൂടി വെട്ടേറ്റു

single-img
10 October 2014

goth-girl-blood-splatterതിരുവനന്തപുരം: പോത്തന്‍കോട്ട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. രാവിലെ നടന്ന അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഇതേത്തുടര്‍ന്ന് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി.

വെള്ളിയാഴ്ച പോത്തന്‍കോട് പ്ലാമൂട്ടിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐയ്ക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒന്നരവയസുള്ള കുട്ടിക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ മൂന്ന് വീടുകളും അടിച്ചു തകര്‍ത്തു.

കനത്ത പൊലീസ് കാവലുണ്ടായിട്ടും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടും പുതിയ കാറും ആർ.എസ്.എസ്. പ്രവർത്തകർ എറിഞ്ഞുതകർത്തത്. പുലർച്ചെയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീടിന് നേരെ അക്രമികൾ ബിയർ കുപ്പിയും ട്യൂബ് ലൈറ്റും എറിഞ്ഞു.

സംസ്ഥാനമാകെ നടക്കുന്ന സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായുള്ള കൊടിയുയർത്തലും സ്മാരകം സ്ഥാപിക്കലുമൊക്കെയാണ് പോത്തൻകോട് പ്ളാമൂട് ഭാഗത്ത് സംഘർഷത്തിലേക്ക് നീങ്ങിയത്. ഈ ഭാഗം ആർ.എസ്.എസ് പ്രവർത്തകരുടെ ശക്തികേന്ദ്രമായതിനാൽ ഇതിനെ പരസ്യമായിത്തന്നെ അവർ എതിർത്തു.

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് സി.പി.എം പ്രവർത്തകർ ശക്തി പ്രകടിപ്പിക്കാൻ ബൈക്ക് റാലി നടത്തിയത്. പ്ളാമൂട് ജംഗ്ഷനിൽ റാലി എത്തിയതും അവിടെ കൂടി നിന്ന ആർ.എസ്.എസ് പ്രവർത്തകർ റാലിക്കെതിരെ ആക്രമണം അഴിച്ച് വിട്ടു.

തുടർന്ന് സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ ആദ്യം പ്ളാമൂട് ജംഗ്ഷനിലെ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള വായനശാല തകർത്തു. ഇതിനകത്തുണ്ടായിരുന്ന നിലവിളക്കുകൾ സി.പി.എം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും ആരോപണമുണ്ട്. കൂടാതെ രണ്ട് ആർ.എസ്.എസ് പ്രവർത്തകരുടെ വീടും തകർത്തു. ഇതറിഞ്ഞ ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രദേശത്തെ ആറു വീടുകൾ തകർത്തു. പഞ്ചായത്ത് മെമ്പറും സി.പി.എം പ്രവർത്തകനുമായ ജസീറുദ്ദീനിന്റെ പ്ളാമൂടുള്ള വീട് മാത്രമല്ല, ഇയാളുടെ രണ്ട് സഹോദരിമാരുടെ വീടും തകർത്തു. ഇവരുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി എസ്റ്റീം, മാരുതി സെൻ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകൾ അക്രമികൾ തകർത്തു. ഏറ്റവുമൊടുവിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അയിരൂപ്പാറ കവിരാജിന്റെ വീട് അടിച്ചുതകർത്തു. ഇവിടെ പാർക്ക് ചെയ്തിരുന്ന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്ത പുതിയ വാഗൺ ആർ കാറും തകർത്തിരുന്നു.

അക്രമങ്ങളിൽ പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് എസ്.ഐ രാകേഷിനെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അദ്ദേഹം നാളെ ഡ്യൂട്ടിക്കെത്തുമെന്ന് പൊലീസ് അറിയിച്ചു.

അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ഇരുവിഭാഗവും ഹർത്താൽ ആചരിക്കുകയാണ്. പോത്തൻകോടും പരിസരവും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ ഓടുന്നുണ്ട്. വെഞ്ഞാറമൂട് സി.ഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കാവൽ നിൽക്കുന്നുണ്ട്.