ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ഥിയും മലാല യുസുഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

single-img
10 October 2014

10720572_593929620732899_895016896_oസ്റ്റോക്‌ഹോം: ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥിയും പാക് ബാലിക മലാല യുസുഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ്  മലാലക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

 

1977383_849386871772274_231171543417170897_nഡല്‍ഹി സ്വദേശിയായ കൈലാഷ് ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. ബച്ച്പന്‍ ബച്ചാവോ അന്ദോളന്‍ പ്രവര്‍ത്തകനാണ് അദ്ദേഹം. എണ്‍പതിനായിരത്തോളം കുട്ടികളെ ബാലവേലയില്‍ നിന്നു രക്ഷിച്ച അദ്ദേഹം കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു.

നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് മലാല യുസുഫ്‌സായി. സിയവുദ്ദീൻ യൂസഫിന്റേയും തൂർപ്പെക്കായിയുടേയും മാകളായി സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജനനം. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല യുസുഫ്‌സായി പിന്നീട് ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അംബാസഡറായി മാറുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ സാധ്യതാ പട്ടികയിലും മലാലയുടെ പേര് ഉള്‍പ്പെട്ടിരുന്നു. മലാലയുടെ ജന്മദിനമായ 2013 ജൂലൈ 12 ന് ഐക്യരാഷ്ട്രസഭ ‘മലാല ദിന’മായി ആചരിക്കുന്നു.

ഇരുവർക്കുമൊപ്പം ഫാന്‍സിസ് മാര്‍പാപ്പ, യുഎസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ എന്നിവരായിരുന്നു പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. അതേസമയം, കൈലാഷ് സത്യാര്‍ഥിക്കു ലഭിച്ച പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നു.