ഇന്ത്യയിലെ വാടകമാതാവ് ജന്മം നൽകിയ കുട്ടിയെ ഓസ്ട്രേലിയൻ ദമ്പതികൾ ഉപേക്ഷിച്ചു

single-img
9 October 2014

mother and babyഓസ്ട്രേലിയൻ ദമ്പതികൾ തങ്ങൾക്ക് ഇന്ത്യയിലെ വാടകമാതാവിൽ ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരാളെ ഉപേക്ഷിച്ചു. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ലിംഗത്തിൽ ജനിച്ചതാണ് മതാപിതാക്കൾ കുട്ടിയെ ഉപേക്ഷിക്കാൻ കാരണമായി പറയുന്നത്. ഓസ്ട്രേലിയൻ കുടുംബകോടതിയിലെ ചീഫ് ജസ്റ്റിസ് ഡയാന ബ്രിയാന്റ് ന്യൂഡൽഹിയിലെ ഓസ്ട്രേലിയൻ എംബസിയിൽ സംഭവം അറിയിക്കുകയുണ്ടായി.

ഇരട്ടകളിൽ ഒരാൾ ആൺകുട്ടിയും മറ്റൊരാൾ പെൺകുട്ടിയുമാണ്, ഇതിൽ മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത ലിംഗത്തിൽപ്പെട്ട ഒരാളെ ഒഴിവാക്കി മറ്റേ ആൾക്ക് വിസ നൽകണമെന്നാണ് അവരുടെ ആവശ്യം. ദമ്പതികൾക്ക് ഇതേ ലിംഗത്തിൽപ്പെട്ട ഒരു കുട്ടിയുണ്ടെന്നും അതിനാലാണ് ഇതേ ലിംഗത്തിലുള്ള ഇരട്ടകളിൽ ഒരാളെ ഒഴിവാക്കിയതെന്നും ചീഫ് ജസ്റ്റിസ് ഡയാന ബ്രിയാന്റ് അറിയിച്ചു. ഒഴിവാക്കിയത് ആൺകുട്ടിയെയോ പെൺകുട്ടിയെയോ എന്ന് വ്യക്തമാക്കൻ അവർ തയ്യാറായില്ല.

എന്തായാലും ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ ഇവരുടെ വിസയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിച്ചിട്ടുണ്ട്. ഇവർ ഉപേക്ഷിച്ച കുട്ടിയെ ഇന്ത്യയിലെ തന്നെ മറ്റൊരു കുടുംബം ദത്തെടുത്തതായി പറയപ്പെടുന്നു.

ഇതിനോടകം തന്നെ സംഭവം ഓസ്ട്രേലിയയിൽ വിവാദമായിട്ടുണ്ട്. വാടകമാതാവിലായലും തങ്ങൾക്ക് ജനിച്ച കുട്ടികളെ ലിംഗത്തിന്റെ പേരിൽ ഉപേക്ഷിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് അഭിപ്രായപ്പെട്ടു.