തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കെ പി സി സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും

single-img
8 October 2014

sasisasiതിരുവനന്തപുരം: മോദി പ്രശംസിക്കുന്നതിന്റെ പേരില്‍ ശശി തരൂര്‍ എം പിക്കെതിരെ നടപടി എടുക്കണമെന്ന്  കെ പി സി സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയാണ് തരൂരില്‍നിന്ന് ഉണ്ടായതെന്ന് യോഗത്തിനുശേഷം വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി കേന്ദ്രനേതൃത്വം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരം നടപടി അദ്ദേഹത്തിന്‍നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും  ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തരൂര്‍ എ.ഐ.സി.സി അംഗവും എം പിയും ആയതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മോദി പ്രധാനമന്ത്രി ആയതുമുതല്‍ നിരവധി തവണ ശശി തരൂര്‍ അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു. ശുചിത്വഭാരത പ്രചാരണത്തെ അനുകൂലിച്ചതായിരുന്നു ഒടുവിലത്തെ സംഭവം. ഇതോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.