മാനവികതയുടെ മഹത്തായ സന്ദേശവുമായി 20 ലക്ഷത്തോളം പേര്‍ ഒത്തുചേര്‍ന്ന അറഫാ സംഗമം നടന്നു; ഗള്‍ഫില്‍ ഇന്ന് ബലിപ്പെരുനാള്‍

single-img
4 October 2014

Arafaലോക ജനഹൃദയങ്ങളില്‍ മാനവികതയുടെ മഹത്തായ സന്ദേശവുമായി 20 ലക്ഷത്തോളം ഹജ്ജ് തീര്‍ഥാടകര്‍ അറഫാ സംഗമം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഹാജിമാര്‍ അറഫയില്‍ എത്തിച്ചേര്‍ന്നു. ഈ വര്‍ഷം അറഫദിനം വെള്ളിയാഴ്ചയായതിനാല്‍ തദ്ദേശ ഹാജിമാര്‍ മിക്കവരും ഹജ്ജിനെത്തിയിരുന്നു.

മിനായില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ തീര്‍ഥാടകപ്രവാഹം മധ്യാഹ്‌നംവരേ നീണ്ടു നിന്നു. തീര്‍ഥാടകരെല്ലാം ഉച്ചയോടെയാണ് അറഫയുടെ അതിര്‍ത്തിക്കുള്ളിലെത്തിയത്. അറഫയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം വൈകിട്ട് 6.07 ന് മഗ്‌രിബിന്റെ സമയമായതോടെ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് തിരിച്ചു. അവിടെ വെച്ച് മഗ്‌രിബും ഇശായും ഒരുമിച്ചു നിസ്‌കരിച്ചു.

മിനായിലെ ജംറകളിലെറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ വെച്ചു ശേഖരിച്ച ശേഷം മിനായിലേക്കു തന്നെ യാത്രയായി.അറേബ്യന്‍ പെരുന്നാള്‍ ദിനമായ ഇന്ന് ജംറത്തുല്‍ അഖബയില്‍ കല്ലേറു കര്‍മം നടത്തും. ശേഷം തലമുടി നീക്കം ചെയ്ത് ഹജ്ജിന്റെ വേഷം ഉപേക്ഷിച്ച് സാധാരണ വസ്ത്രം ധരിക്കും.

ബലികര്‍മ്മത്തിനു ശേഷം ത്വവാഫ് നിര്‍വ്വഹിക്കുന്നതിനായി ഹാജിമാര്‍ വീണ്ടും മക്കയിലേക്കു പോകും. രാത്രിയോടെ വീണ്ടും മിനായിലെ തമ്പുകളിലേക്കു ഇവര്‍ മടങ്ങിയെത്തും.